തൃശൂർ: കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതം വിളിച്ചറിയിച്ച് തൃപ്രയാർ സ്വദേശി സജീവൻ ജീവനൊടുക്കിയതോടെ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽനിന്ന് ആത്മഹത്യ ചെയ്തവരുടെ പട്ടികയിൽ ഒരു പേരുകൂടിയായി. സംസ്ഥാനത്ത് ഈ മേഖലയിൽ നിന്ന് ജീവനൊടുക്കിയ ഒമ്പതാമനാണ് സജീവൻ. ജില്ലയിലെ ആദ്യ സംഭവം. അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇനിയും മരണങ്ങൾ ആവർത്തിക്കുമെന്ന മുന്നറിയിപ്പാണ് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ നൽകുന്നത്.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് പൊതുപരിപാടികൾ നിലച്ചതോടെയാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖല നിശ്ചലമായത്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും വിവാഹാഘോഷ പരിപാടികളുമെല്ലാം നിശ്ചലമായതോടെ ജീവിക്കാൻ കഷ്ടപ്പെട്ടു. ഒന്നരവർഷത്തിനിടെ ജീവിക്കാൻ വേണ്ടി പല പണികളും കൃഷിയും പരീക്ഷിച്ച കഥയാണ് ഭൂരിഭാഗം പേർക്കും പറയാനുള്ളത്. പലരും വായ്പയെടുത്ത് വൻ കടത്തിലായി. ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾക്ക് തുരുമ്പുപിടിക്കുകയും പല ഇലക്ട്രോണിക്സ് -ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ കുറക്കുന്ന അവസ്ഥയിൽ പുതിയ ഉപകരണങ്ങൾ വാങ്ങിച്ചാലേ ഈ മേഖലയിൽ തുടരാനാവൂ എന്ന വലിയ വെല്ലുവിളിയാണ് ഇവർക്കുള്ളത്. അതിന് വലിയ മുതൽമുടക്ക് വേണം. അതിനു മുമ്പ് പൊതുപരിപാടികൾ വീണ്ടും തുടരാനുള്ള സർക്കാർ നിർദേശവുമെത്തണം.
2020 ജൂൈല മാസമാണ് മേഖലയിലെ ആദ്യത്തെ ആത്മഹത്യ തിരുവനന്തപുരത്ത് നടന്നത്. 2021 ജൂലൈയിൽ മാത്രം വിവിധ ജില്ലകളിലായി അഞ്ചുപേർ ആത്മഹത്യ ചെയ്തു. ഒടുവിലായിരുന്നു ആ കൂട്ടത്തിലേക്ക് സജീവനും പോയത്. ഇനിയെങ്കിലും അടിയന്തരമായി സർക്കാർ ഇടപെടണമെന്നാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ഭാരവാഹികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.