ചാലക്കുടി: ദേശീയ പാതയിൽ ചാലക്കുടി മുനിസിപ്പൽ ജങ്ഷനിൽ അടിപ്പാത നിർമാണ സ്ഥലം അപകട കേന്ദ്രമായി. ഇവിടെ കണ്ടെയ്നർ ലോറിയും ടൈലർ ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. ഗുരുതരമായ പരിക്കേറ്റയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച 5.30നാണ് അപകടം. നിർമാണത്തിനായി റോഡ് തിരിച്ച് ഒരേ ട്രാക്കിലൂടെ വാഹനം കടത്തി വിടുന്ന ഭാഗത്താണ് അപകടം. എറണാകുളം ഭാഗത്തേക്ക് പോകുന്ന കണ്ടെയ്നർ ലോറിയും തൃശൂർ ദിശയിലേക്ക് പോകുന്ന ട്രെയ്ലർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ട്രെയ്ലർ ലോറിയുടെ മുൻവശത്തെ കാബിൻ പൂർണമായും തകർന്നു. കണ്ടെയ്നർ ലോറിയുടെ മുൻവശത്തെ ചില്ലു തകരുകയും ടയർ പൊട്ടുകയും ചെയ്തു. ട്രെയ്ലർ ലോറിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഗുരുതരമായ ഗതാഗതകുരുക്കും അനുഭവപ്പെട്ടു.
ഇവിടെ റോഡ് തകർന്നിട്ട് നാളുകളായി. മഴക്കാലമായതോടെ വലിയ കുഴികൾ രൂപം കൊണ്ടിട്ടുണ്ട്. ഇതു മൂലം വാഹനങ്ങളുടെ കുരുക്ക് സ്ഥിരമാണിവിടെ. അടിപ്പാത നിർമാണത്തിനായി റോഡ് തൃശൂർ ട്രാക്ക് വെട്ടിപ്പൊളിച്ച് വൻ ഗർത്തമാക്കിയിട്ട് വർഷങ്ങളായി. എറണാകുളം ട്രാക്കിലൂടെയാണ് രണ്ട് ഭാഗത്തേക്കുമുള്ള വാഹനങ്ങൾ മുഖാമുഖം കടന്നുപോവുന്നത്. അടിപ്പാത നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന കോടതി നിർദേശവും ചെവിക്കൊള്ളുന്നില്ല. ദേശീയപാത അധികൃതരും ടോൾപ്ലാസ കരാർ കമ്പനിക്കാരും അനാസ്ഥ കൈ വെടിഞ്ഞ് അടിപ്പാത നിർമാണം പൂർത്തിയാക്കണമെന്നും ഈ മേഖല അപകടരഹിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.