അറബിക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടതോടെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷമുണ്ടായ കടല്‍ക്ഷോഭം ഇടക്കൊന്ന് ശമിച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ആരും മത്സ്യബന്ധനത്തിന് കടലിലിറങ്ങിയിരുന്നില്ല
കൊടുങ്ങല്ലൂർ തീരത്ത് കടൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇരച്ച് കയറുന്നു. നിരവധി കുടുംബങ്ങൾ വീട് വിട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറി. കടൽ ഒന്നര കിലോമീറ്റർ കരയിലേക്ക് ഇരച്ചെത്തി. എറിയാട് എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്ത് തീരങ്ങളിൽ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. മതിലകത്തും കടൽ കയറുന്നുണ്ട്. ഇതുവരെ കടൽക്ഷോഭ പരിധിയിൽ വരാത്തവ ഉൾപ്പെടെ നൂറുകണക്കിന് വീടുകള്ളിൽ വെള്ളം കയറി. പല വീടുകളും നാശം നേരിടുകയാണ്. മണ്ണും ചളിയും കയറി വാസയോഗ്യമല്ലാതായ വീടുകളുമുണ്ട്. എടവിലങ്ങിൽ ഒരു ക്ഷേത്രത്തിെൻറ തിടപ്പിള്ളി തകർന്നു. ക്ഷേത്രവും തകർച്ച ഭീഷണിയിലാണ്. തീരഭാഗത്തെ പല റോഡുകളും നാശം നേരിടുകയാണ്. ജലസ്രോതസ്സുകളും കാർഷിക വിളകളും ഉപ്പ് വെള്ളം കയറി നശിച്ചു.
പലയിടങ്ങളിലും ജിയോ ബാഗ് തടയണ തകർന്നതിനെ തുടർന്ന് ജനവാസ മേഖല വെള്ളത്തിലാണ്. എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, ആറാട്ടുവഴി, ലൈറ്റ് ഹൗസ്, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ മുഖം ക്ഷേത്ര പരിസരം, അഞ്ചങ്ങാടി തട്ടുകടവ്, വേക്കോട് എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. വെള്ളിയാഴ്ച രാവിലെ മുതലാണ് കടലേറ്റം രൂക്ഷമായത്.
ജനപ്രതിനിധികളും പഞ്ചായത്ത് പ്രസിഡൻറുമാരും റവന്യൂ അധികൃതരും പൊലീസും സ്ഥലത്തെത്തി. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകളും റവന്യൂ വകുപ്പും ചേർന്ന് താൽക്കാലിക തടയണകൾ നിർമിക്കുന്നുണ്ട്.
ശക്തമായ മഴയും തിരയടിയും ഒപ്പം കോവിഡ് ഭീഷണിയും മറികടന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ, കോവിഡിനെ ഭയന്ന് ജനങ്ങൾ ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലേക്കാണ് കൂടുതലായും പോകുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ആളുൾ എത്തുന്നുണ്ട്. കോവിഡ് പോസിറ്റിവ് ആയവരെ ഡി.സി.സികളിലും ക്വാറൻറീനിൽ കഴിയുന്നവരെ പ്രത്യകം സജ്ജമാക്കിയ ഇടങ്ങളിലേക്കും മാറ്റുകയാണ്. അതേസമയം, ആളുകൾ യഥാസമയത്ത് വീട് മാറാൻ തയാറാകാത്തത് അധികൃതർക്ക് തലവേദനയാകുന്നതായും ആക്ഷേപമുണ്ട്.
തീരദേശ റോഡും കടന്ന് വെള്ളമൊഴുകുകയാണ്. കടപ്പുറം പഞ്ചായത്തിലെ ഞോളി റോഡ് മുതൽ മുനക്കക്കടവ് അഴിമുഖം വരെയുള്ള മേഖലയിലാണ് രൂക്ഷം. അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി ഭാഗങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിലാണ്. മാത്രമല്ല തീരദേശത്തെ അഹമ്മദ് കുരിക്കൾ പാതയും കടന്ന് കടൽവെള്ളം കിഴക്കോട്ട് ഒഴുകിയതിനാൽ ആ മേഖലയിലെ വീടുകളും വെള്ളക്കെട്ടിലായി. തൊട്ടടുത്ത സമാന്തരപാതയായ ലേഡീസ് റോഡ് വരെയുള്ള വീടുകളും വെള്ളത്തിലായതിനാൽ മേഖലയിലെ വീട്ടുകാർ മാറി താമസിക്കുകയാണ്. ചാവക്കാട് പൊലീസെത്തി വീട്ടുകാരെ മാറ്റി പാർപ്പിച്ചു.
കടൽക്ഷോഭമുണ്ടായ കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗുരുവായൂർ നിയുക്ത എം.എൽ.എ എൻ.കെ. അക്ബർ സന്ദർശിച്ചു. കടല്‍ത്തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം മേഖലയിലുള്ള വരെ മാറ്റി താമസിപ്പിക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻറ് ഹസീന താജുദ്ദീൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി. മൻസൂറലി, സ്വാലിഹ ഷൗക്കത്ത്, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ്, സമീറ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി. അഷ്റഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പുന്നയൂർക്കുളം പഞ്ചായത്തിലെ തങ്ങൾപ്പടി, പെരിയമ്പലം, അണ്ടത്തോട്, പാപ്പാളി ബീച്ചുകളിലും കടൽ തീരത്തേത്ത് കയറുകയാണ്. ഭീഷണിയിലായ പത്തോളം വീട്ടുകാർ മാറി താമസിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷഹീർ ആവശ്യപ്പെട്ടു. മറ്റു സൗകര്യമില്ലാത്തവർക്ക് പഞ്ചായത്ത് സൗകര്യമേർപ്പെടുത്തും. വൈസ് പ്രസിഡൻറ് നിസാർ, അംഗങ്ങളായ പി.എസ്. അലി, മൂസ ആലത്തയിൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് ബീച്ച്, അകലാട്, എടക്കഴിയൂർ ബീച്ചുകളിലും കടൽക്ഷോഭം ശക്തമാണ്. മന്ദലാംകുന്ന് ബീച്ചിൽ പാർക്കിനായി നിർമിച്ച വിശ്രമകേന്ദം വരെ തിര കയറി.
വാടാനപ്പള്ളി: വാടാനപ്പള്ളി, പൊക്കാഞ്ചേരി ബീച്ച് മുതൽ ചേറ്റുവ അഴിമുഖം വരെ കടൽക്ഷോഭം രൂക്ഷം. 30ലധികം വീടുകളിൽ വെള്ളം കയറി. പൊക്കാഞ്ചേരി, പൊക്കുളങ്ങര, ഏത്തായ് ബീച്ച് എന്നിവടങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. വെള്ളം 200 മീറ്ററോളമാണ് കരയിലേക്ക് അടിച്ചുകയറുന്നത്. സീ വാൾ റോഡ് പലയിടത്തും ഒലിച്ചുപോയി. കടലിരമ്പം 10 കിലോമീറ്ററോളം കരയിലേക്ക് കേൾക്കാം. വീടുകൾക്കുള്ളിലൂടെയാണ് വെള്ളം ഒഴുകുന്നത്. പ്രദേശത്തെ യുവാക്കളാണ് ചാലുകീറി വെള്ളം ഒഴുക്കിവിടുന്നത്. പലരും ബന്ധുവീടുകളിലേക്ക് മാറി.
ചാമക്കാല, കമ്പനിക്കടവ്, വഞ്ചിപ്പുര, ആറാട്ടുകടവ്, പൊക്ലായി എന്നിവടങ്ങളിൽ കടലേറ്റം രൂക്ഷം. കമ്പനിക്കടവ് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ് നശിച്ചു. അതേസമയം, കയ്പമംഗലം മണ്ഡലത്തിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഇ.കെ. ബൈജു എന്നിവർ ആവശ്യപ്പെട്ടു.
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പൊലീസിെൻറയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ തീരമേഖലയിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കടപ്പുറം ഗവ. ഹൈസ്കൂളിലാണ് ക്യാമ്പ് ഒരുക്കിയത്. കുടിവെള്ള പ്രശ്നം നേരിടുന്ന 28, 32 എന്നീ വാർഡുകളിൽ വെള്ളം എത്തിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.