തൃശൂർ: പോസ്റ്റ് ഓഫിസ് റോഡിൽ ഭക്ഷണം കഴിക്കാനാകാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന എളങ്കോവന് ഇപ്പോൾ ഭക്ഷണം കഴിക്കാം. 'മാധ്യമം' വാർത്തയെത്തുടർന്ന് തൃശൂർ ദയ ആശുപത്രി ഏറ്റെടുത്ത് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് അന്നനാളത്തിൽ അർബുദം കണ്ടെത്തിയിരുന്നു. തൊണ്ടയിൽ ശസ്ത്രക്രിയ നടത്തി 'സ്റ്റെൻറ്' (കൃത്രിമ ട്യൂബ്) സ്ഥാപിച്ചതോടെ ഭക്ഷണം കഴിക്കാവുന്ന സ്ഥിതിയിലാണിേപ്പാൾ. ശസ്ത്രക്രിയക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി 81,000 രൂപയുടെ ചികിത്സ സൗജന്യമായാണ് തൃശൂർ ദയ ഹോസ്പിറ്റൽ നടത്തിയത്. ആശുപത്രിയിൽ സുഹൃത്ത് രേവത് എളങ്കോവന് കൂട്ടായി. എളങ്കോവന് ഭക്ഷണം കഴിക്കാനാവുന്നുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും നിലച്ച ശബ്ദം തിരിച്ചുകിട്ടിയതായും രേവത് പറഞ്ഞു.
പോളിയോ ബാധിതനായ 70കാരനായ എളങ്കോവൻ പിൻഭാഗത്ത് കെട്ടിവെച്ച ടയറിെൻറ സഹായത്തിൽ നിരങ്ങി നീങ്ങി ലോട്ടറി വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. ഭക്ഷണമിറങ്ങാതെ 50 ദിവസം പിന്നിട്ട ഇദ്ദേഹം അവശനായതിനെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.
എളങ്കോവന് അന്നനാളത്തിൽ ദീർഘനാളായുള്ള അർബുദമാണെന്ന് വ്യക്തമായതായി ദയ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. വി.കെ. അബ്ദുൽ അസീസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇനി കീമോ തെറപ്പി, റേഡിയേഷൻ ചികിത്സയാണ് ആവശ്യം. എളങ്കോവെൻറ അവസ്ഥ വിവരിച്ച് മെഡിക്കൽ കോളജ് ഓങ്കോളജി ഡോക്ടർക്ക് കുറിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജിൽ എളങ്കോവെൻറ കീമോ തെറപ്പി തുടങ്ങിയതായി സഹായിയായി നിൽക്കുന്ന രേവത് അറിയിച്ചു.
വാടകക്ക് ഓട്ടോ ഓടിച്ചുകിട്ടുന്ന പണം കൊണ്ടാണ് പ്രാരാബ്ധങ്ങളേറെയുള്ള രേവതിെൻറ കുടുംബം കഴിഞ്ഞിരുന്നത്. പക്ഷേ, എളങ്കോവെൻറ അവസ്ഥ ഗുരുതരമായതോടെ ഒരു മാസമായി ആശുപത്രിയിലും മറ്റുമായി കൂടെയുണ്ട് രേവത്. ഒരു മാസത്തോളമായി വരുമാനവും നിലച്ചു. ദയ ആശുപത്രിയിലായിരുന്നപ്പോൾ അവിടെ ഭക്ഷണം സൗജന്യമായിരുന്നു. എന്നാൽ, മെഡിക്കൽ കോളജിലെത്തിയപ്പോൾ സ്ഥിതി മാറി. 20 ദിവസമെങ്കിലും തുടർച്ചയായി അവിടെനിന്ന് കീമോ ചെയ്യേണ്ടിവരും. ഇേപ്പാൾ ഉച്ചഭക്ഷണവും മറ്റും സന്നദ്ധ സംഘടനകളുടെ വകയായി എത്താറുണ്ടെങ്കിലും മറ്റ് ചെലവുകൾക്ക് സഹായം േതടേണ്ട അവസ്ഥയാണെന്ന് രേവത് പറയുന്നു. 'അണ്ണന് കാലിന് സ്വാധീനമില്ലാത്തിനാൽ എപ്പോഴും സഹായം ആവശ്യമാണ്. ഞാൻ പോയാൽ മറ്റൊരാളും സഹായിക്കാനുണ്ടാവില്ല. വീട്ടിൽ പോകണമെന്നുണ്ട്്. ഓട്ടോ ഓടിക്കണമെന്നുണ്ട്... എന്ത്ചെയ്യാൻ...'- രേവത് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.