തൃശൂർ: 'ആണിച്ചിത്രം' മുതൽ പരമ്പരാഗത കോസ്മെറ്റിക്സ് വരെ; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് സ്വന്തമാക്കി മലയാളികൾ. ആണികൾ കൊണ്ട് യു.എ.ഇ രാഷ്ട്രപിതാവിെൻറ ചിത്രം വരച്ച സയ്ദ് ഷാഫിക്കും പരമ്പരാഗത വിഭവങ്ങൾ കൊണ്ട് സൗന്ദര്യവർധക വസ്തുക്കൾ നിർമിച്ച അൻസിയക്കുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ലഭിച്ചത്. ജില്ല കലക്ടർ ഹരിത വി. കുമാർ റെക്കോഡ്സ് ബുക്ക് തുറന്നു നൽകി.
സ്വന്തം ജോലിയിൽ കരവിരുത് കാണിച്ചപ്പോഴാണ് കയ്പമംഗലം കൂരിക്കുഴി കൊടുവിൽ അബ്ദുൽ ഗഫൂർ -ബീവിക്കുഞ്ഞി ദമ്പതികളുടെ മകനായ സയ്ദ് ഷാഫിയെ തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡെത്തിയത്. യു.എ.ഇയിലെ ഒരു സ്വകാര്യ കെട്ടിട നിർമാണ സാമഗ്രികളുടെ കമ്പനിയിലെ ജീവനക്കാരനായ സെയ്ദ് കമ്പനിയുടെ ആവശ്യപ്രകാരമാണ് ആണിച്ചിത്രം തയാറാക്കിയത്. 115 മണിക്കൂർ കൊണ്ട് 25,200 ആണികൾ ഉപയോഗിച്ചാണ് ചിത്രം നിർമിച്ചത്.
2020ലും സമാനമായി 17,000 ആണികൾ ഉപയോഗിച്ച് തീർത്ത യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ചിത്രത്തിന് യു.ആർ.എസ് ഏഷ്യൻ റെക്കോഡ്സ് ലഭിച്ചിരുന്നു. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത സീരിയലിെൻറ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്ന സയ്ദ് നാല് വർഷം മുമ്പാണ് വിദേശത്ത് പോയത്.
തൊടിയിലെ ചെടികളിൽ നിന്ന് എങ്ങനെ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാമെന്ന് കണ്ടെത്തിയതിനാണ് തൃപ്രയാർ രായംമരക്കാർ അബ്ദുറഹ്മാൻ -താഹിറ ദമ്പതികളുടെ മകൾ അൻസിയയെ തേടി നേട്ടമെത്തുന്നത്. വിവാഹശേഷം ഏതൊരു വീട്ടമ്മയെയും പോലെ സ്വന്തമായൊരു വരുമാനമാർഗം എന്തെന്ന ആലോചനയുടെ 'ആഫ്റ്റർ എഫക്ടാ'ണ് 'ഉമ്മീസ് നാച്വറൽസ്'. ഹെയർ ഓയിലിൽ നിന്നായിരുന്നു തുടക്കം. അത് വിജയകരമായതോടെ ഉമ്മീസിൽനിന്ന് 38 പരമ്പരാഗത സൗന്ദര്യവർധക വസ്തുക്കളാണ് പിറന്നത്.
വീട്ടുമുറ്റത്ത് കൃഷി ചെയ്ത അസംസ്കൃത വസ്തുക്കളാണ് ശേഖരിക്കുന്നത്. എല്ലാ ജില്ലയിലും പത്തോ പതിനഞ്ചോ വീട്ടമ്മമാർ ചേർന്ന് നടത്തുന്ന കൃഷിയാണ് പ്രധാന മാർഗം. ഇപ്പോൾ സ്വന്തമായി മലപ്പുറത്ത് ഉമ്മീസ് ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് അപ്പത്തൻകാട്ടിൽ റഷീദിെൻറ ഭാര്യയാണ് അൻസിയ. നാല് വയസ്സുകാരി ലൈബ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.