അന്തിക്കാട്: ഒരു നിലവിളി കേട്ടാണ് അവർ വാഹനം നിർത്തിയത്. കാതോർത്തപ്പോൾ അത് റോഡരികിലെ കിണറ്റിൽനിന്നാണെന്ന് മനസ്സിലായി. വാഹനത്തിൽനിന്ന് ഇറങ്ങി നോക്കിയപ്പോൾ കണ്ടത് ആഴമുള്ള കിണറിെൻറ കൽഭിത്തിയിൽ പിടിച്ച് അവശനായി നിൽക്കുകയാണൊരാൾ. വാഹനത്തിൽ വന്നവർ ആദ്യമൊന്ന് പകച്ചെങ്കിലും ധൈര്യം കൈവിടാതെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ജീവൻ പണയംവെച്ച് പാടുപെട്ട് ഒടുവിൽ യുവാവിനെ മരണമുഖത്തുനിന്ന് കരകയറ്റി. ഒരു ജീവൻ രക്ഷിച്ചതിെൻറ ആശ്വാസത്തിലും സന്തോഷത്തിലുമാണ് തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളജിലെ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥി സഞ്ജയും (20) മുത്തച്ഛൻ ഷൺമുഖനും.
ഓട്ടോ ഡ്രൈവറായ തളിക്കുളം ഇടശ്ശേരി തൈവളപ്പിൽ ഉല്ലാസിെൻറ മകൻ സഞ്ജയ് പടിയത്തെ അമ്മയുടെ വീട്ടിൽനിന്ന് മുത്തച്ഛൻ കോഴിപ്പറമ്പിൽ ഷൺമുഖനോടൊപ്പം സ്കൂട്ടറിൽ കടയിലേക്ക് പോകുമ്പോഴാണ് സംഭവം.
പടിയം ആല ജങ്ഷനിലെ കോഴിക്കട ജീവനക്കാരനായ മാമ്പുള്ളി അജിത്ത് (22) കടയിലേക്ക് ആവശ്യമായ വെള്ളമെടുക്കാനാണ് കിണറ്റിൻകരയിലെത്തിയത്. കയർ ചെറുതായതുകൊണ്ട് കുനിഞ്ഞാണ് വെള്ളമെടുത്തിരുന്നത്. പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. ഒരു കൈകൊണ്ട് കിണറിെൻറ ഇരുമ്പുമറയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീണയുടൻ ആഴത്തിലേക്ക് പോയി. മുങ്ങി നിവർന്നപ്പോഴേക്കും തളർന്നു. ഒരുവിധത്തിൽ കിണറിെൻറ കൽഭിത്തിയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഭിത്തികൾ അടർന്നുവീഴാൻ തുടങ്ങിയതോടെ പരിഭ്രമിച്ചു. കമ്പിയിൽ കൈ കുടുങ്ങിയതിനാൽ ഒരു കൈ അനക്കാൻ പറ്റാത്തത്ര വേദനയുമായിരുന്നു.
എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. കുറേ നിലവിളിച്ചു. അതു കേട്ടാണ് സഞ്ജയും ഷൺമുഖനും എത്തിയത്. അവർ തൊട്ടടുത്തുള്ള വർക്ക്ഷോപ്പിൽ ചെന്ന് കൈയിൽ കിട്ടിയ പൈപ്പ് കിണറിലേക്കിട്ടുകൊടുത്തു. അജിത്ത് അതിൽ പിടിച്ചുനിന്നു. പേക്ഷ, അതുപയോഗിച്ച് ഒരാളെ കരക്കു കയറ്റാനാവില്ല. തുടർന്ന് സമീപത്തെ പള്ളിയിലെ ബാബുവിനെ വിളിച്ചുവരുത്തി കയർ സംഘടിപ്പിച്ചു. എല്ലാവരും കൂടി ആ കയറിൽ ബന്ധിപ്പിച്ച് അജിത്തിനെ കരയിലെത്തിച്ചു. കൈക്ക് പരിക്കേറ്റ അജിത്തിനെ ഉടൻ ആശുപത്രിയിലേക്കയച്ചു.
ഷൺമുഖനെയും സഞ്ജയെയും സി.സി. മുകുന്ദൻ എം.എൽ.എ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രദീപ് കൊച്ചത്ത്, അഖിലേന്ത്യ കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം സുമേഷ് തെക്കിനിയേടത്ത് എന്നിവർ വീട്ടിലെത്തി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.