തൃശൂർ: കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മേയ് വരെ തുടർച്ചയായ മഴ. നേരേത്ത എത്തുമെന്ന് അറിയിപ്പുണ്ടായിട്ടും ചുഴലിക്കാറ്റുകളായ ടൗട്ടെയും യാസും തീർത്ത കുരുക്കിൽ മൺസൂൺ വൈകിയാണ് എത്തിയത്. മഴ നന്നെ കുറഞ്ഞതോടെ 846.1ന് പകരം 499.2 മില്ലീമീറ്റർ മഴയാണ് കേരളത്തിന് ലഭിച്ചത്. 47 ശതമാനമാണ് കേരളത്തിൽ മഴക്കമ്മിയെങ്കിൽ ജില്ലയിൽ അത് 50 ശതമാനമാണ്. 941.2ന് പകരം 471.4 മി.മീ. മഴയാണ് ജില്ലക്ക് ലഭിച്ചത്. 61 ശതമാനത്തിെൻറ മഴക്കമ്മിയുമായി പാലക്കാടും തിരുവനന്തപുരവുമാണ് മുന്നിൽ.
ജില്ലയുടെ നിലനിൽപിനെ ബാധിക്കുന്നതാണ് ഈ മഴക്കമ്മി. ഒരുഭാഗത്ത് കടുത്ത ജലക്ഷാമം. മറുഭാഗത്ത് കൃഷിയിറക്കാനാവാതെ കർഷകർ. വറ്റിവരണ്ടു ഭാരതപ്പുഴ. മെലിഞ്ഞ് ചാലക്കുടിയും കരുവന്നൂർ പുഴയും ഇതിനെല്ലാം അപ്പുറം കനത്തചൂടും. അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുകയുമാണ്. ആകെ മാറുന്ന കാലാവസ്ഥ ജില്ലയുടെ സന്തുലിതാവസ്ഥയെ തകിടംമറിക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി മൺസൂണിൽ ജില്ലയുടെ വിഹതം കുറയുകയാണ്.
തൃശൂർ: തെളിഞ്ഞ ആകാശം. മഴമേഘ സാന്നിധ്യം പൊടിപോലുമില്ല. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ തരക്കേടില്ലാ മഴയാണ് പ്രവചനമെങ്കിലും ഒന്നും ലഭിച്ചതുമില്ല. അതുകൊണ്ടുതന്നെ ജില്ലയിൽ ചൂട് കനക്കുകയാണ്. വെള്ളിയാഴ്ച 29.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 32.4 ആയിരുന്നു. മഴമേഘങ്ങളാൽ മൂടപ്പെടുന്ന ജൂണിലും ജൂലൈയിലും മിക്ക വർഷവും 25-26 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തുകയാണ് പതിവ്. ഈ പതിവാണ് ഇക്കുറി തെറ്റിച്ചിരിക്കുന്നത്. ജൂണിന് പിന്നാലെ ജൂലൈ ആദ്യ പത്തുദിനവും മഴമേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണുള്ളത്.
ചെറുതുരുത്തി: മിഥുനം 15ൽ എത്തുമ്പോൾ ഭാരതപ്പുഴ നിറത്ത് കവിയും എന്നാണ് പഴമക്കാർ പറയുക, എന്നാൽ 26 ആയിട്ടും ഭാരതപ്പുഴ ഉണങ്ങി വരണ്ട് കിടക്കുകയാണ്. കാലവർഷം ചതിച്ചതോടെ പുഴയുടെ അസ്ഥിവാരമാണ് കാണുന്നത്. വാട്ടർ അതോറിറ്റി അധികൃതർ മഴ പെയ്യുമെന്ന് കരുതി ചെറുതുരുത്തി- ഷൊർണൂർ തടയണയുടെ 32 ഷട്ടറുകൾ തുറന്ന് വിട്ടിരുന്നു.
ഇേത തുടർന്ന് വറ്റിവരണ്ടു കിടക്കുകയാണ് ഭാരതപ്പുഴ. ഇതുമൂലം സമീപങ്ങളിലെ പല വീടുകളിലും കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുകയാണ്. ഈ പ്രവണത തുടർന്നാൽ വലിയൊരു വരൾച്ചയിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. സമീപങ്ങളിലെ കിണറുകളിൽ മറ്റും വെള്ളമില്ലാതിരിക്കുകയാണ്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി എതിരെ പ്രതിഷേധം മുറുകുകയാണ്.
വാടാനപ്പള്ളി: മഴ കുറഞ്ഞതോടെ തീരദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷം. തളിക്കുളം ചേർക്കര, പുലാമ്പുഴ, പുളിയംതുരുത്ത്, വാടാനപ്പള്ളി പഞ്ചായത്തിലെ നടുവിൽക്കര, മണപ്പാട്, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവ, പടന്ന, ഏത്തായ് ബീച്ച്, പൊക്കുളങ്ങര ബീച്ച് എന്നിവിടങ്ങളിലാണ് ജലദൗർലഭ്യം. മേഖലയിലുള്ളവർ കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിയുടെ ടാപ്പുകളാണ് ആശ്രയിക്കാറ്. വീട്ടു കണക്ഷനും പ്രയോജനപ്പെടുത്തും.
എന്നാൽ, കാലവർഷത്തിലും ടാപ്പുകളിൽ ആഴ്ചയിലാണ് പലയിടത്തും വെള്ളം വരുന്നത്. പൊക്കുളങ്ങര ബീച്ചിലുള്ളവർ മഴവെള്ളം അരിച്ച് ചൂടാക്കിയാണ് കുടിക്കാറ്. വസ്ത്രം കഴുകുന്നതും കുളിയും പാത്രം കഴുകുന്നതും ഭക്ഷണം പാചകം ചെയ്യുന്നതും മഴവെള്ളത്തിലാണ്. മഴ കുറഞ്ഞതോടെ മഴവെള്ളം ശേഖരിക്കാനും പ്രദേശത്തുകാർക്ക് പറ്റാതെ വെള്ളത്തിന് വലയുകയാണ് വീട്ടമ്മമാർ.
കൊടകര: തിരിമുറിയാതെ മഴപെയ്യേണ്ട തിരുവാതിര ഞാറ്റുവേലയില്‍ മഴ ഒളിച്ചുകളിച്ചത് കാര്‍ഷിക മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മലോയര മേഖലയിലെ കാര്‍ഷിക വിളകളെ മഴക്കുറവ് നന്നായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കോവിഡിലും തികഞ്ഞ പ്രതീക്ഷയോടെ ഓണക്കാല പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുന്ന തിരക്കിലാണ് മലയോരത്തെ കര്‍ഷകര്‍. കുന്നില്‍ പ്രദേശങ്ങളില്‍ മഴയെ മാത്രം ആശ്രയിച്ചാണ് പച്ചക്കറി കൃഷി.
വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ കൃഷി പിഴക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. പാവല്‍, പടവലം, മത്തന്‍, കുമ്പളം, ചുരക്ക തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വളര്‍ച്ചയെ മഴക്കുറവ് കാര്യമായി ബാധിക്കും. ഇവയുടെ വള്ളികള്‍ വളര്‍ന്ന് പടര്‍ന്ന് കയറുന്നതിന് മഴ അനിവാര്യമാണ്. നെല്‍കൃഷി മേഖലയിലും മഴയുടെ ഒളിച്ചുകളിയിൽ ആശങ്കയിലാണ്. മഴക്കെടുതി ഭയന്ന് ഇക്കുറി പല പാടശേഖരങ്ങളും വിരിപ്പുകൃഷിയില്‍നിന്ന് മാറിനില്ക്കുകയാണെങ്കിലും കൃഷിയിറക്കിയ പാടശേഖരങ്ങളിലെ കര്‍ഷകരെ മഴക്കുറവ് അലട്ടുന്നുണ്ട്.
മഴ വേണ്ടത്ര പെയ്തില്ലെങ്കില്‍ കനാല്‍ വെള്ളം കാര്യമായി എത്താത്ത കൊടകര ചാറ്റിലാംപാടം പോലുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാകും. നെൽച്ചെടികള്‍ വളര്‍ന്ന് കരുത്താർജിക്കുന്നത് ഞാറ്റുവേലക്കാലത്തായതിനാല് മഴ കുറയുന്നത് നെല്ലുൽപാദനത്തെ കാര്യമായി ബാധിക്കുന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു.
ശനിയാഴ്ച ആരംഭിക്കുന്ന പുണര്‍തം ഞാറ്റുവേലയിലെങ്കിലും മതിയായ അളവില്‍ മഴ കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കര്‍ഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.