ല​ഹ​രി​ക്ക​ട​ത്തു​കാ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഇ​ട​പാ​ടു​കാ​രു​ടെ

പേ​ര് വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ​ട്ടി​ക

എം.ഡി.എം.എ; പ്രതികളിൽനിന്ന് ലഭിച്ച രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം

തൃശൂർ: കയ്പമംഗലത്ത് യുവാക്കളിൽനിന്ന് എം.ഡി.എം.എ പിടിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. ലഹരിക്കടത്തിലെ മുഖ്യകണ്ണി ഒല്ലൂർ സ്വദേശി അരുണാണെന്ന് കണ്ടെത്തി.

ഇയാൾ ലഹിക്കടത്തുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച കോടതിയെ സമീപിക്കുമെന്ന് എക്സൈസ് അറിയിച്ചു. യുവാക്കളിൽനിന്ന് കണ്ടെടുത്ത ഇടപാട് രേഖകളിൽ 150ഓളം വിദ്യാർഥികളുണ്ടെന്ന് കണ്ടെത്തി.

സ്‌കൂൾ-കോളജ് വിദ്യാർഥികളായ ഇവരിൽ പെൺകുട്ടികളുമുണ്ട്. ഇരകളിൽ ഭൂരിഭാഗവും തൃശൂർ നഗര പ്രദേശത്തുള്ളവരാണ്. കഴിഞ്ഞദിവസം രാത്രി സ്പെഷൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദിന്റെ നേതൃത്വത്തിലെ സംഘമാണ് കയ്പമംലത്ത് വാഹനപരിശോധനക്കിടെ 15.2 ഗ്രാം എം.ഡി.എം.എയുമായി ജിനേഷ്, വിഷ്ണു എന്നിവരെ പിടികൂടിയത്.

ഇവരെ പരിശോധിക്കുന്നതിനിടയിലാണ് ഇടപാടുകാരായ വിദ്യാർഥികളുടെ പേര് വിവരങ്ങളടങ്ങിയ ലിസ്റ്റ് കണ്ടെടുത്തത്. മയക്കുമരുന്ന് കടമായി വാങ്ങിയവരുടെ പട്ടികയായിരുന്നു ഇത്. എല്ലാവരും 17നും 25നും പ്രായമുള്ളവരാണെന്ന് കണ്ടെത്തി.

ഇവർ നിരീക്ഷണത്തിലാണ്. ലഹരി കൈമാറിയ കുട്ടികളുടെ പേര്, കൈമാറിയ തീയതി എന്നിവയും ഓരോരുത്തരും എത്ര രൂപ തന്നു, ഇനി എത്ര തരാനുണ്ട് എന്നിവയടക്കമുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയതാണ് പട്ടിക. ഗൂഗിൾ പേ വഴി പണം നൽകിയവരെ പ്രത്യേകം രേഖപ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കിയത്.

925 ഇടപാടുകൾ ഇവരുമായി നടത്തിയതിന്റെ തെളിവാണ് ഇതുവരെ ലഭിച്ചത്. ലഹരി ഇടപാടുകൾ നടത്താൻ വേണ്ടി മാത്രം പ്രതിയുടെ പക്കൽ പ്രത്യേക ഫോൺ ഉണ്ടായിരുന്നു. ഈ നമ്പർ വഴിയാണ് വിദ്യാർഥികളുമായി ബന്ധപ്പെട്ടിരുന്നതെന്നും എക്സൈസ് അറിയിച്ചു.

ഫോൺ വിശദ പരിശോധന നടത്തി ഇടപാടിൽ പങ്കാളികളായ വിദ്യാർഥികളെയും ഇവരുമായി മറ്റ് ഇടപാടുകൾ ഉണ്ടോയെന്നതടക്കം കണ്ടെത്തുകയാണ് ശ്രമം. സംഭവത്തിൽ വിശദ അന്വേഷണത്തിനാണ് എക്സൈസിന്റെ തീരുമാനം.

അതോടൊപ്പം പൊലീസും എക്സൈസിന് ലഭിച്ച ഇടപാടുകാരുടെ രേഖകളുടെ വിവരം തേടിയിട്ടുണ്ട്. പൊലീസും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി കൗൺസിലിങ്ങും ബോധവത്കരണവും അടക്കം നൽകാനാണ് ആലോചന.   

Tags:    
News Summary - MDMA-Investigation focused on the documents received from the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.