തൃശൂർ: കോർപറേഷൻ അതിർത്തിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് കലക്കവെള്ളമെന്ന പേരിലുള്ള കോൺഗ്രസ് കൗൺസിലർമാരുടെ സമരകോലാഹങ്ങൾ എട്ടുകാലി മമൂഞ്ഞുമാരാവാനാണെന്ന് മേയർ എം.കെ. വർഗീസ്. കോൺഗ്രസ് കൗൺസിലർമാർ ഉന്നയിച്ച വിഷയം ഗൗരവമുള്ളത് തന്നെയാണ്. എന്നാൽ, ഇത് ഇപ്പോഴുണ്ടായതല്ല, 2000ത്തിൽ താൻ കൗൺസിലറായി വന്നപ്പോഴും ഈ വിഷയമുണ്ട്. കുടിവെള്ളക്ഷാമത്തിന്റെ പേരിൽ ലോറി വെള്ള വിതരണത്തിന്‍റെ വിഷയങ്ങളും ഉണ്ടായിരുന്നു. അന്ന് അതേകുറിച്ചൊക്കെ പഠനം നടത്താനോ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ പദ്ധതിയുണ്ടാക്കാനോ എം.പിയും എം.എൽ.എയും കോൺഗ്രസുകാരായിരുന്നിട്ടും കേരളത്തിലും കേന്ദ്രത്തിലും കോർപറേഷനിലും ഭരണമുണ്ടായിട്ടും കോൺഗ്രസ് ചെറുവിരൽ അനക്കിയില്ലെന്ന് മേയർ കുറ്റപ്പെടുത്തി. ചെറിയ വിസ്തൃതി മാത്രമുണ്ടായിരുന്ന തൃശൂർ മുനിസിപ്പൽ പ്രദേശത്തിന് കുടിവെള്ളമെത്തിക്കാനാണ് 1962ൽ പീച്ചി കുടിവെള്ള പദ്ധതിയുണ്ടാക്കിയത്. 14.5 എം.എൽ.ഡി മിൽറ്റ്‌മെന്റ് പ്ലാനും തേക്കിൻകാട്ടിൽ നാല് വിതരണ പ്ലാന്റുമായിരുന്നു പദ്ധതി. പീച്ചി ജലസംഭരണിയുടെ അടിയിൽനിന്ന് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും അതിനുശേഷം തേക്കിൻകാട്ടിലെ ടാങ്കുകളിലേക്കും വെള്ളമെത്തുന്നത് പമ്പിങ് ഇല്ലാതെയാണെന്ന അപൂർവതയാണ് ഈ പദ്ധതിയുടെ സവിശേഷത.
60 വർഷത്തിനിടയിൽ ഡാമിന്റെ അടിയിൽ ചളി നിറഞ്ഞു. സ്വാഭാവികമായും അടിയിലെ ചളിയും ഇരുമ്പിന്റെ അംശവും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് എത്തി തുടങ്ങി. ഇത് പരിഹരിക്കാൻ ശ്രമിക്കാതെ ബഹളം മാത്രമായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ സ്ഥിരം പരിപാടി. എന്നാൽ 2015-20 കാലഘട്ടത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ വിദഗ്ധരുമായി ചർച്ച ചെയ്ത് പരിഹാരത്തിന് മൂന്ന് പദ്ധതികൾ ഉണ്ടാക്കി. ഈ പദ്ധതികൾ മാർച്ചിൽ പൂർത്തിയാകേണ്ടതും അതോടെ പ്രശ്‌നം തീരേണ്ടതുമായിരുന്നു. പല കാരണങ്ങൾ കൊണ്ട് വൈകി. ഇത് അടുത്ത മാസം പൂർത്തിയാകുമെന്ന് വന്നപ്പോഴാണ് അതിന്റെ മേന്മ കവരാൻ കോൺഗ്രസ് കൗൺസിലർമാർ എട്ടുകാലി മമ്മൂഞ്ഞിന്‍റെ വേഷം കെട്ടി കൗൺസിലിൽ പ്രതിഷേധവും സമര നാടകങ്ങളും അവതരിപ്പിക്കുന്നതെന്ന് മേയർ പറഞ്ഞു. മാധ്യമപ്രവർത്തകർക്കൊപ്പം പീച്ചി പ്ലാൻറ് സന്ദർശിച്ച ശേഷമായിരുന്നു മേയറുടെ പ്രതികരണം.
പീച്ചി ഫ്ലോട്ടിങ് ഇൻടേക് പമ്പിങ് സംവിധാനം മേയിൽ
പീച്ചി ഡാമിലെ ജലോപരിതലത്തിൽനിന്ന് വെള്ളം എടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന ഫ്ലോട്ടിങ് ഇൻടേക് പമ്പിങ് സംവിധാനം മേയ് ആദ്യം പ്രവർത്തനസജ്ജമാകും. ഇതോടെ ഒരിക്കലും വെള്ളത്തിൽ ചളി ഉണ്ടാകുന്ന സാഹചര്യമുണ്ടാകില്ലെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. നിലവിൽ ഡാമിലെ വെള്ളത്തിനടിയിലെ പമ്പിൽ നിന്നാണ് ജലമെടുത്ത് വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കുടിവെള്ളത്തിൽ ചളി കലരുന്നതും പതിവായി. വലിയ ടാങ്കുകൾ കൂട്ടിച്ചേർത്ത് അതിനുമീതേ പമ്പുകൾ ചേർത്തുവെച്ചാണ് ഈ സംവിധാനം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. നിലവിൽ 60 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. ഉപരിതലത്തിലെ വെള്ളമായതിനാൽ ഒരിക്കലും ചളി ഉണ്ടാകില്ലെന്നതാണ് പ്രത്യേകത.
'കോൺഗ്രസ് ഭരണത്തിൽ മലിനജലം വിതരണം ചെയ്തിട്ടില്ല'
ദീർഘവീക്ഷണമില്ലാതെ 165 കോടി ചെലവഴിച്ചിട്ടും ഗുണപ്രദമാകുന്ന രീതിയിൽ ഒരു പദ്ധതി തയാറാക്കാൻ കഴിഞ്ഞില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. നന്നായി പ്രവർത്തിച്ചിരുന്ന 14.50 എം.എൽ.ഡി ട്രീറ്റ്മെൻറ് പ്ലാൻറ് നിർത്തുകയും കോടികൾ ചെലവഴിച്ച് 20 എം.എൽ.ഡി ട്രീറ്റ്മെൻറ് സ്ഥാപിച്ചിട്ടും നേരത്തേ ഉണ്ടായിരുന്ന ട്രീറ്റ്മെൻറ് പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമതക്ക് ഒപ്പമെത്താൻ പുതിയ 20 എം.എൽ.ഡി ട്രീറ്റ്മെൻറ് പ്ലാൻറിന് കഴിഞ്ഞിട്ടില്ല. മുൻകാലങ്ങളിലും ഡാമിന്‍റെ അടിത്തട്ടിൽ നിന്നാണ് വെള്ളമെടുക്കുന്നത്. ഓരോ കാരണങ്ങൾ നിരത്തി ജനങ്ങളെ പറ്റിക്കുകയാണ്. മാർച്ച് 31ന് കുടിവെള്ള പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞ മേയർ ഇപ്പോൾ മേയ്, ജൂൺ മാസങ്ങളിൽ കുടിവെള്ള പ്രശ്നം പരിഹരിക്കും എന്നാണ് പറയുന്നത്. ഇത് തൃശൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോർപറേഷൻ പരിധിയിൽ ശുദ്ധജലം ടാങ്കർ ലോറികളിൽ വിതരണം ചെയ്യാൻ കോർപറേഷൻ തയാറാവണം. മാലിന്യം നിറഞ്ഞ കുടിവെള്ളം വിതരണം ചെയ്ത കാലയളവിലെ ബില്ല് മുൻകാല പ്രാബല്യത്തോടെ ഗുണഭോക്താക്കൾക്ക് ഒഴിവാക്കി കൊടുക്കണമെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. ഈസ്റ്റർ-വിഷു പ്രമാണിച്ച് സൗജന്യമായി കോൺഗ്രസ് കൗൺസിലർമാർ ശുദ്ധജലം ടാങ്കർ ലോറികളിൽ വിതരണം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, പ്രതിപക്ഷ കക്ഷി നേതാക്കളായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ഇ.വി. സുനിൽ രാജ് എന്നിവർ അറിയിച്ചു.
കക്ഷി നേതാക്കളുടെ യോഗവും കൗൺസിൽ യോഗവും മാറ്റി
ചൊവ്വാഴ്ച ചേരേണ്ട 112 അജണ്ടകൾ ഉൾക്കൊള്ളിച്ചുള്ള കൗൺസിൽ യോഗവും അതിന് മുമ്പ് ചേരുന്നതിന് നോട്ടീസ് നൽകിയ കക്ഷി നേതാക്കളുടെ യോഗവും ഒറ്റയടിക്ക് മാറ്റിവെച്ചു. കക്ഷി നേതാക്കളുടെ യോഗത്തിനും കൗൺസിൽ യോഗത്തിനും നോട്ടീസ് നൽകി കഴിഞ്ഞതാണ്. കുടിവെള്ളത്തെ ചൊല്ലി കഴിഞ്ഞയാഴ്ചയിലേത് പോലെ പ്രതിഷേധം സംഘർഷത്തിലേക്ക് കടക്കുമോയെന്ന ആശങ്കയിലാണ് യോഗം മാറ്റിവെച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കക്ഷി നേതാക്കളുടെ യോഗവും കൗൺസിൽ യോഗവും മേയറും എൽ.ഡി.എഫ് നേതൃത്വവും മാറ്റിവെച്ച് വിഷു-ഈസ്റ്റർ ആഘോഷ ദിനങ്ങളിൽ ശുദ്ധമായ കുടിവെള്ള വിതരണം ചെയ്യാൻ സാധിക്കാത്തതിന്റെ പരാജയം മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷ കക്ഷിനേതാന് രാജൻ ജെ. പല്ലൻ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെ കൗൺസിൽ യോഗം മാറ്റിവെക്കുന്നത് ചട്ടവിരുദ്ധമാണെന്നും കൗൺസിൽ മാറ്റിവെച്ച മേയറുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.