കേച്ചേരി ഗവ. എൽ.പി സ്കൂളിലെ കിളിക്കൊഞ്ചൽ ക്ലാസ് മുറികൾ മന്ത്രി കെ. രാധാകൃഷ്ണൻ
തുറന്നുനൽകിയപ്പോൾ
കേച്ചേരി: ഗവ. എൽ.പി സ്കൂളിൽ സ്റ്റാർസ് പ്രീ പ്രൈമറി കിളിക്കൊഞ്ചൽ ക്ലാസ് മുറികൾ മന്ത്രി കെ. രാധാകൃഷ്ണൻ കുട്ടികൾക്ക് തുറന്ന് നൽകി. സർക്കാർ, എയ്ഡഡ് സ്കൂളുകൾ വഴി സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ സർക്കാറിന് സാധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ 3,800 കോടിയുടെ പ്രവർത്തനങ്ങൾ നടത്തി. മികച്ച വിദ്യാഭ്യാസം നൽകി കുട്ടികളെ തിരിച്ചറിവുള്ളവരാക്കി സമൂഹത്തിനോടും ചുറ്റുപാടുകളോടും പ്രതിബദ്ധതയുള്ളവരാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമഗ്ര ശിക്ഷ കേരളയുടെ പത്ത് ലക്ഷം രൂപയും ചൂണ്ടൽ പഞ്ചായത്തിന്റെ നാല് ലക്ഷവും വിനിയോഗിച്ചാണ് വിദ്യാലയത്തിൽ കുട്ടികളുടെ മാനസിക പഠനവികാസത്തിന് കഴിയും വിധം കിളിക്കൊഞ്ചൽ ക്ലാസ് മുറികൾ യാഥാർഥ്യമാക്കിയത്. സ്കൂള്‍ കെട്ടിടത്തിന്റെ രണ്ട് ക്ലാസ് മുറികളും ചുറ്റുപാടുമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തിയത്. കളിപ്പാട്ടം പാഠപുസ്തകത്തിലെ മുപ്പതോളം ചിന്താവിഷയങ്ങൾ, കളി, വര, സംഗീതം, ശാസ്ത്രം എന്നിങ്ങനെ 13 ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്.
മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രോജക്റ്റ് രൂപകൽപ്പന ചെയ്ത ഷനിൽ മാധവ്, ശിൽപി സന്തോഷ്, ചിത്രകാരൻ കൃഷ്ണൻ എന്നിവരെ മന്ത്രി ആദരിച്ചു. സമഗ്ര ശിക്ഷ ഡി.പി.ഒ വി.ജി ജോളി പദ്ധതി വിശദീകരിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ബാല പ്രോജക്ടും പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ കളിയിടവും ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.വി. വല്ലഭൻ ഭാഷ വികസന ഇടവും ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ബി. സജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, ഹസനുൽ ബന്ന, സുനിത ഉണ്ണികൃഷ്ണൻ, മാഗി ജോൺസൺ, വി.പി. ലീല, പി. ബിന്ദു, കെ.വി. വിനീത, കെ.എ. അസ്ബർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.