തൃശൂർ: കോടികൾ ചെലവിട്ട് പീച്ചിയിൽ ജലശുദ്ധീകരണത്തിനുള്ള ഫ്ലോട്ടിങ് ഇൻടേക്ക് പമ്പിങ് സംവിധാനം നടപ്പാക്കിയിട്ടും നഗരത്തിൽ വിതരണം ചെയ്യുന്നത് ചളി കലർന്ന കുടിവെള്ളം. മുമ്പ് പ്രളയകാലത്ത് ചളി കലർന്നത് ഏറെ വിവാദമായിരുന്നു. ഇതേതുടർന്നാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചി ഡാമിൽ ജലശുദ്ധീകരണത്തിന് നൂറ് കോടിയോളം ചെലവിട്ട് പദ്ധതി നടപ്പാക്കിയത്. ചളിവെള്ളം കലരാതെ ജലനിരപ്പിന്റെ മുകൾപരപ്പിൽനിന്ന് വെള്ളം വലിച്ചെടുത്ത് പമ്പ് ചെയ്യുമെന്നതായിരുന്നു പ്രത്യേകത.
എന്നാൽ, ഇപ്പോഴും വിതരണം ചെയ്യുന്നത് ചളിവെള്ളമാണ്. മാസങ്ങളായി ഇതേചൊല്ലി കൗൺസിലിൽ കലഹം നടക്കുന്നുണ്ട്. കോടികൾ ചെലവഴിച്ചിട്ടും ചളിവെള്ളം വിതരണം ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
നിരവധി തവണ പരാതിപ്പെടുമ്പോൾ വാട്ടർ അതോറിറ്റിയും കോർപറേഷൻ ജലവിതരണവിഭാഗവും ഇടക്ക് വന്ന് നോക്കി പോകുമെന്നല്ലാതെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ഫ്ലോട്ടിങ് സംവിധാനം പരാജയമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അടിയന്തരമായി കുടിവെള്ള പ്രശ്നത്തിൽ പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കുട്ടൻകുളങ്ങര ഡിവിഷൻ കൗൺസിലർ എ.കെ. സുരേഷ് മേയർക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.