മുരിയാട്: പഞ്ചായത്തിലെ ഹരിതകർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പഞ്ചായത്തിന്റെ അനാസ്ഥ മൂലം വനിത വ്യവസായ ഷെഡിന്റെ പറമ്പിൽ കെട്ടിക്കിടക്കുന്നു.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും യൂസർഫീ വാങ്ങി വീട്ടുകാരെ കൊണ്ട് തന്നെ വൃത്തിയാക്കി ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ വസ്തുക്കളാണ് ഇങ്ങനെ പുറത്ത് വലിച്ചുവാരിയിട്ടിരിക്കുന്നത്. വീട്ടുകാർ നൽകുന്ന വസ്തുക്കളിൽ അൽപം ചെളി പടർന്നാലോ കഴുകിയില്ലെങ്കിലോ ഇവ ശേഖരിക്കാതെ യൂസർഫീ വാങ്ങി മടങ്ങുന്ന ഹരിത സേനാംഗങ്ങളുമായി തർക്കം പതിവായ പഞ്ചായത്തിലാണ് ഈ സ്ഥിയെന്നതാണ് ഏറെ രസകരം.
അജൈവ മാലിന്യം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) എത്തിക്കുകയാണ് ഹരിതകർമ സേനാംഗങ്ങളുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനം ഒരുക്കേണ്ടത് പഞ്ചായത്താണ്. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് എം.സി.എഫുകൾ സ്ഥാപിക്കുമെന്ന് രണ്ടു വർഷം മുമ്പ് നടത്തിയ നൂറു ദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ചതാണെങ്കിലും രണ്ടു വർഷംകഴിഞ്ഞിട്ടും ഒന്നുപോലും സ്ഥാപിച്ചിട്ടില്ലായെന്നാണ് പ്രതിപക്ഷമായ കോണ്ഗ്രസ് ആരോപിക്കുന്നത്.
ഹരിതകർമ സേന ശേഖരിക്കുന്ന വസ്തുക്കൾ നിശ്ചിത വിലക്ക് ക്ലീൻ കേരള കമ്പനിക്ക് നൽകുക വഴി പഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ, ഇവിടെ ശേഖരിക്കുന്നവ മാലിന്യക്കൂമ്പാരമാകുകയാണെന്നും ഉപയോഗ ശൂന്യമായ ഈ വസ്തുക്കൾ സ്വകാര്യ ഏജൻസിക്ക് പണം കൊടുത്ത് ഒഴിവാക്കേണ്ട അവസ്ഥയാണെന്നും കോൺഗ്രസ് അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജുനൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.