തൃശൂർ: ഗ്യാസ് സ്റ്റൗ, കെറ്റിൽ, ഡീസൽ പാത്രം പിന്നെ വെറും 170 രൂപയും... തൃശൂർ പുതുക്കാട് ചെങ്ങാലൂരിലെ വീട്ടിൽനിന്ന് അനിയെൻറ പഴയ സൈക്കിളിൽ കശ്മീരിലേക്ക് യാത്ര തിരിക്കുമ്പോൾ കല്ലൂർ മാളിയേക്കൽ നിധിൻ (23) ഇത്രയേ കൈയിൽ കരുതിയുള്ളൂ. 120 ദിവസം നീണ്ട സ്വപ്ന സമാന യാത്രക്കൊടുവിൽ നിധിൻ ഇപ്പോൾ നാട്ടിലെ ഹീറോയാണ്. സംവിധായകൻ ജിത്തു ജോസഫ് ഉൾപ്പെടെ നിരവധിപേർ വിളിച്ച് അഭിനന്ദിച്ചതിെൻറ ത്രില്ലിലാണ് നിധിൻ.
2021 ജനുവരി ഒന്നിനാണ് ഒല്ലൂരിലെ ഹോട്ടൽ തൊഴിലാളിയായ നിധിൻ യാത്ര പുറപ്പെട്ടത്. യാത്രക്കിടെ ചായ വിറ്റ് പണം കണ്ടെത്താമെന്ന ധാരണയിലാണ് കെറ്റിൽ എടുത്തത്. ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി കശ്മീരിലെത്തിയപ്പോൾ മനസ്സുനിറയെ നന്മയുള്ള, പല ഭാഷ സംസാരിക്കുന്ന പരിചിതരല്ലാത്ത ഒരുപിടി മനുഷ്യരുടെ കാരുണ്യം നേരിട്ടറിഞ്ഞതായി നിധിൻ പറയുന്നു.
തല ചായ്ക്കാൻ ഇടം തന്നവർ, വിശന്നപ്പോൾ ഭക്ഷണം തന്നവർ, വയറു വേദനിച്ചപ്പോൾ മരുന്ന് തന്നവർ ഒക്കെയായി ഒത്തിരി പേർ. കർണാടകയും ഗോവയും രാജസ്ഥാനും ഡൽഹിയും പിന്നിട്ട് കശ്മീർ എത്തുംവരെ ഭക്ഷ്യവിഷബാധയേറ്റും സൈക്കിൾ കേടായും വഴിയറിയാതെയും മറ്റും പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. ഹിന്ദി അറിയില്ലായിരുന്നു. കാല് നീരുവന്ന് വീർത്തിരുന്നു.
തിരികെ വരുേമ്പാൾ ഉത്തർപ്രദേശിൽ വെച്ചാണ് ലോക്ഡൗൺ തിരിച്ചടിയായത്. അവിടെനിന്ന് വന്നുകൊണ്ടിരുന്ന ട്രക്കിൽ സൈക്കിൾ വെച്ചാണ് പിന്നീട് കേരളത്തിലെത്തിയത്. ഏപ്രിൽ 30ന് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ചായ വിറ്റുകിട്ടിയ 1500 രൂപ കൈയിലുണ്ടായിരുന്നു. എവറസ്റ്റ് കീഴടക്കുക എന്ന മോഹം പൂർത്തിയാക്കാൻ ഒരുക്കം തുടങ്ങിയതായി നിധിൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.