കാഞ്ഞാണി: തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ മണലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം സ്ലാബില്ലാത്ത പൊതു കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റ വായോധികന്‍റെ അരക്ക് താഴെ തളർന്നു. മണലൂർ സ്വദേശി പൊങ്ങണത്ത് മോഹനന് (70) ആണ് ഗുരുതര പരിക്കേറ്റത്. തലക്ക് പിറകിൽ ചതവ് പറ്റുകയും കഴുത്തിലെ ഞരമ്പുകൾ പൊട്ടുകയും ചെയ്ത ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് അപകടം. കാനയിലെ ചപ്പുചവറ് നീക്കം ചെയ്യാനായി മാറ്റിയ സ്ലാബ് തിരിച്ചിടാതെ ബന്ധപ്പെട്ടവർ മടങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പിന്‍റെ ഈ കാനയിലൂടെയാണ് പുഞ്ചപ്പാടത്തേക്കുള്ള വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്നത്.
ഇതിന് താഴെക്കൂടിത്തന്നെയാണ് ടെലിഫോൺ കേബ്ൾ കൊണ്ടുപോകുന്നതും. ഏതു വകുപ്പാണ് സ്ലാബ് തുറന്നതിന് ശേഷം മൂടാതെ പോയതെന്ന് വ്യക്തമല്ല. ഏറെ ഉയരത്തിലാണ് കാനയുടെ സ്ലാബുകളെന്നതിനാൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ തട്ടി സ്ലാബുകൾ ഇളകി റോഡിലേക്ക് തെറിച്ചും അപകടങ്ങൾ പതിവായിട്ടുണ്ട്.
മോഹനൻ നിർധന കുടുംബത്തിലെ അംഗമാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സ തേടിയ ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്. ആശുപത്രിയിൽ മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും മൂന്ന് ലക്ഷം രൂപയുടെ ബിൽ അടക്കണമെന്ന ആശുപത്രി അധികൃതരുടെ നിർദേശത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.