ഒല്ലൂര്‍: പുഴയുടെ സൗന്ദര്യത്തിനപ്പുറത്ത് അപകടം പതിയിരിക്കുകയാണ് കൈനൂര്ച്ചിറയുടെ പരിസരത്താകെ. പുറമേ ശാന്തമായി ഒഴുകുന്ന പുഴയുടെ ചിലഭാഗങ്ങളില്‍ ആഴത്തിലുള്ള കുഴികള്‍ ഉള്ളതായും അവിടെ അപരിചിതര്‍ എത്തിപ്പെട്ടാല്‍ അപകട സാധ്യത ഏറെയാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍, മൃഗങ്ങളെ കുളിപ്പിക്കാന്‍ ചിറയിലേക്ക് ഇറങ്ങാനുള്ള ചരിഞ്ഞ കോണ്‍ക്രീറ്റ് സ്ലാബിലൂടെയാണ് വിദ്യാര്‍ഥികളും ഇറങ്ങിയിരിക്കുന്നത്. ഇതിന് സമീപം തന്നെ മണ്‍കൂന പുഴയില്‍ ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇതിന്റെ സമീപത്ത് ആഴത്തിലുള്ള ചില കുഴികള്‍ സമീപവാസികള്‍ക്ക് മാത്രമാണ് അറിയുക. അപരിചിതരായ കുട്ടികള്‍ ഈ കുഴിയിൽ അകപ്പെട്ടതാകാം അപകടകാരണമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
ചിറക്ക് പരിസരത്ത് വീടുകള്‍ ഇല്ലാത്തതും അധികം ഗതാഗതം ഇല്ലാത്തതുമായ സ്ഥലമായതിനാല്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും എത്താറുണ്ട്. മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും ഒരുമിച്ച് ഇരുന്ന് സല്ലപിക്കാനും എത്തുന്നവരെ നാട്ടുകാർ ചിലപ്പോള്‍ വഴക്ക് പറഞ്ഞ് മടക്കിവിടാറുണ്ട്. അപകടം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളാണ് ആദ്യം പൊലീസിനെ വിവിരം അറിയിച്ചത്. അവരും ഇല്ലായിരുന്നങ്കില്‍ പുറംലോകം അറിയാന്‍ ഇനിയും വൈകിയെനേ. പുത്തൂര്‍ പഞ്ചായത്തും നടത്തറ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഇരും പഞ്ചായത്തുകളും ഈ ഭാഗത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാൽ ചെടികള്‍ വളര്‍ന്ന് പൊന്തക്കാടുകള്‍ ആയിട്ടുണ്ട് പ്രദേശം.
സംഭവമറിഞ്ഞ് തഹസില്‍ദാര്‍ ടി. ജയശ്രീ, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ഒല്ലൂര്‍, പീച്ചി, മണ്ണുത്തി പൊലീസ് എന്നിവരും സ്ഥലത്തെത്തി. സ്കൂബ ടീം അംഗങ്ങളായ പി.കെ. പ്രജീഷ്, വി.വി. ജിമോദ്, നവനീത കണ്ണൻ, കെ. ശിവദാസൻ എന്നിവരാണ് 20 മിനിറ്റ് കൊണ്ട് നാലുപേരുടെ മൃതദേഹങ്ങളും പുറത്തെടുത്തത്.
സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ.എ. ജ്യോതികുമാറിന്റെയും അസി. സ്റ്റേഷൻ ഓഫിസർ ഹരികുമാറിന്റെയും നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫിസർമാരായ കെ. സജീഷ്, ജി. പ്രമോദ്, കെ. രമേശ്, പി.എസ്. സുധീഷ്, ടി.ജി. ഷാജൻ, ഹോം ഗാർഡുമാരായ വി.കെ. രാജൻ, സി.കെ. ഷിബു, ടി.എം. ഷാജു എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു. ജില്ല ഫയർ ഓഫിസർ എം.എസ്. സുവി, തൃശൂർ ഫയർ സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.