ഒല്ലൂർ: കുട്ടനെല്ലൂര്‍ ഗവ. കോളജില്‍ കെ.എസ്.യു -എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ 13 പേർക്ക് പരിക്ക്. പരിക്കേറ്റ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജില്ല സഹകരണ ആശുപത്രിയിലും ആറ് കെ.എസ്.യു പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിരുദ പ്രവേശനത്തിന്റെ ഭാഗമായി വിദ്യാർഥികളെ സഹായിക്കാന്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളജില്‍ ഹെല്പ് ഡെസ്ക്ക് തുടങ്ങിയിരുന്നു. ഇവിടെ കയറി കെ.എസ്.യു പ്രവര്‍ത്തകര്‍ അതിക്രമം കാണിക്കുകയും വിദ്യാർഥികളെ മർദിക്കുകയുമായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍വെച്ചായിരുന്നു ആക്രമണം.
രണ്ടുപേര്‍ പുറത്തുനിന്നുള്ളവരും രണ്ടുപേര്‍ പൂര്‍വ വിദ്യാർഥികളും രണ്ടുപേര്‍ ഇവിടെ പഠിക്കുന്നവരുമാണ് ആക്രണമം നടത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. എന്നാല്‍, കോളജില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ ഹെല്പ് ഡെസ്ക്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് യൂനിറ്റ് പ്രസിഡന്റിനെയും സെക്രട്ടറിയെയും തടഞ്ഞ് മർദിക്കുകയായിരുന്നുവെന്നും ഇതേതുടർന്നാണ് സംഘട്ടനമുണ്ടായതെന്നും കെ.എസ്.യു ആരോപിക്കുന്നു. ഒല്ലൂര്‍ പൊലീസ് ഇരുവിഭാഗത്തിന്റയും മൊഴിയെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു. എസ്.എഫ്.ഐയുടെ ആക്രമണ രാഷ്ട്രീയത്തിനെതിരെ കലാലയങ്ങളിൽ വിദ്യാർഥി സമൂഹം പ്രതിഷേധിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് മിഥുൻ മോഹൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.