ഒല്ലൂര്‍: കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിദരിദ്രരെ കണ്ടെത്തി അവരുടെ ജീവിത സാഹചര്യങ്ങൾ ഉയര്‍ത്തിക്കൊണ്ടുവരിക, വീടില്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ നിർമിച്ച് നല്‍കുക, മലയോരമേഖലയിലെ ജനങ്ങൾക്ക് പട്ടയം നല്‍കുക, പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക, ആരോഗ്യരംഗത്ത് കേരളത്തിന്റേതായ മുന്നേറ്റം കൂട്ടിക്കൊണ്ട് വരിക എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രമാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസനത്തെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. ഇത്തരത്തില്‍ ഫണ്ട് കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാർ ലക്ഷ്യം. പണമില്ല എന്ന് പറഞ്ഞ് വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിറകോട്ട് പോകില്ല എന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. ഒല്ലൂരില്‍ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
റവന്യു മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി കണ്‍വിനര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ഡി. റെജി, കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഈച്ചരത്ത്, ജനതാദള്‍ ജില്ല പ്രസിഡന്റ് ടി.സി. ജോഫി.
എൻ.സി.പി ജില്ല പ്രസിഡന്റ് മോളി ഫ്രാന്‍സിസ്, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് ബഫീക്ക് ബക്കര്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ല പ്രസിഡന്റ് ഷൈജു ബഷീര്‍, കോണ്‍ഗ്രസ് (എസ്) മണ്ഡലം പ്രസിഡന്റ് കെ.കെ. ജോണി, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഗോപിനാഥ് തറ്റാട്ട്, സി.പി.എം ഒല്ലൂര്‍ എരിയ കമ്മിറ്റി സെക്രട്ടറി കെ.പി. പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുവായൂർ: മുഖ്യമന്ത്രി ഗുരുവായൂരിലെത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലറടക്കം ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടെമ്പിള്‍ പൊലീസ് കരുതല്‍ തടങ്കലിലാക്കി.
13ാം വാര്‍ഡ് കൗണ്‍സിലര്‍ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കൂടിയായ സി.എസ്. സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ, വൈസ് പ്രസിഡന്റ് തെബ്ഷീർ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, ജില്ല സെക്രട്ടറി കെ.ബി. ബിജു, വി.എസ്. നവനീത് എന്നിവരെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ തടങ്കലിലാക്കിയത്.
സൂരജും നവനീതും കറുത്ത ഷര്‍ട്ടാണ് ധരിച്ചിരുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽ കോൺഗ്രസിലെ ഭിന്നത പുറത്തുവരികയും ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ, വൈസ് പ്രസിഡന്റ് തെബ്ഷീർ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തത് മാത്രമാണ് ഒരു വിഭാഗം പ്രചരിപ്പിച്ചത്. കൗൺസിലർ സൂരജ്, ബിജു, നവനീത് എന്നിവരുടെ അറസ്റ്റ് മാത്രം മറു വിഭാഗവും പ്രചരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.