ഒല്ലൂര്‍: എന്നെങ്കിലും തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് നാമാവശേഷമാകുകയാണ് ജില്ലയിലെ പരമ്പരാഗത ഓട് വ്യവസായം. നൂറുവര്‍ഷത്തോളം ഒല്ലൂര്‍, മരത്താക്കര, പുതുക്കാട്, ചിറ്റിശ്ശേരി, വരന്തരപ്പിള്ളി പ്രദേശങ്ങളുടെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചും താങ്ങിനിർത്തിയും മുന്നോട്ടുപോയിരുന്ന ഈ വ്യവസായത്തെ സര്‍ക്കാറും തൊഴിലാളികളും കൈവിട്ടതോടെ പൂർണപതനത്തിലാണ്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കുറഞ്ഞ കൂലി 600 രൂപക്ക് മുകളിലായി നിശ്ചയിച്ചത് പ്രാബല്യത്തില്‍ വരുത്തിയതോടെ അവശേഷിക്കുന്ന കമ്പനികള്‍ക്കും പൂട്ട് വീഴുന്ന സ്ഥിതിയിലായി. അസംസ്കൃതവസ്തുവായ കളിമണ്ണ് ഖനനം കേരളത്തില്‍ നിരോധിച്ചതോടെ കമ്പനികളുടെ സുവര്‍ണകാലം അവസാനിച്ചു.
തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് മണ്ണ് എത്തിച്ചാണ് സ്ഥാപനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. വിറകിന്റെയും ഡീസലിന്റെയും വിലക്കയറ്റം, മണ്ണെണ്ണയുടെ ലഭ്യതക്കുറവ് എന്നിവ കാര്യമായി ബാധിച്ചു.
നേരേത്ത ഉണ്ടായിരുന്ന 400 യൂനിറ്റുകളുടെ സ്ഥാനത്ത് ഇന്ന് 110 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. അതും ഭാഗികമായി മാത്രം. ഓടിന് പകരം സമാന്തര ഉൽപന്നങ്ങൾ വിപണിയില്‍ എത്തിയതോടെ ഓട് ഉല്പാദനം നിലച്ചു. ഇപ്പോള്‍ തറയോടാണ് പ്രധാനമായി ഉൽപാദിപ്പിക്കുന്നത്. നിലവിൽ കര്‍ണാടകയില്‍ ഓട്ടുകമ്പനികള്‍ വ്യാപകമായി.
കേരളത്തിലേക്ക് ബംഗളൂരുവില്‍നിന്ന് മണ്ണ് എത്തുമ്പോള്‍ 40,000 രൂപ വിലവരുന്നത് കോലാര്‍, ഹൊസൂര്‍ മേഖലയില്‍ 5000 രൂപക്ക് ലഭിക്കുന്നതും വിറകിന്റെ വിലക്കുറവും തൊഴിലാളികളുടെ ലഭ്യതയുമെല്ലാം ഈ വ്യവസായത്തിന് കർണാടകയില്‍ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.
കര്‍ണാടകയിലെ ഉൽപന്നത്തിന്റെ വിലയ്ക്ക് കേരളത്തില്‍ തറയോട് നിർമിച്ച് നല്കാന് കഴിയാതായതോടെ കച്ചവടക്കാര്‍ കര്‍ണാടക ഉൽപന്നത്തെ ആശ്രയിക്കുകയാണ്. ഇതോടെ അവശേഷിക്കുന്ന വിപണിയും കേരളത്തിന് നഷ്ടമായി. പരമ്പരാഗതമായി നടത്തുന്നവര്‍പോലും ഈ വ്യവസായം ഉപേക്ഷിച്ച് മറ്റു മേഖലകളിേലക്ക് തിരിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.