ഒല്ലൂര്‍ (തൃശൂർ): തലമുറകളുടെ ഒത്തുചേരലിനൊപ്പം സ്വയം വിമർശനത്തിനും വേദിയായി യൂത്ത് കോൺഗ്രസ് കുടുംബസമ്മേളനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന ഭാഗമായുള്ള സംഗമം മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിന്റെ വളർച്ചക്ക് യൂത്ത് കോൺഗ്രസിന് കുറെയേറെ ചെയ്യാനുണ്ടെന്നും അതിനുള്ള പ്രതിജ്ഞ എടുക്കേണ്ട ചടങ്ങാകണമിതെന്നും വയലാർ രവി പറഞ്ഞു. ഇത്തരം കൂട്ടായ്മകൾ സംഘടനക്കും കോൺഗ്രസിനും പുതിയ ഊർജം പകരട്ടെയെന്നും യൂത്ത് കോൺഗ്രസ് ക്യാമ്പുകൾ കൂടുതൽ സജീവമാക്കണമെന്നും തുടർന്ന് സംസാരിച്ച വി.എം. സുധീരൻ വ്യക്തമാക്കി.
നേതാക്കൾ പലരും സ്വന്തം തുരുത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. എല്ലാവരേയും ചേർത്തുനിർത്തുകയെന്നതാകണം നേതാവിന്റെ ഗുണമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന് വേണ്ടിയാകരുത് രാഷ്ട്രീയപ്രവർത്തനമെന്നും ആത്മബന്ധത്തിന്റെ ഇഴയടുപ്പം ശക്തമാക്കണമെന്നും എം.എം. ഹസൻ ഓർമിപ്പിച്ചു.
കൂടെ നിൽക്കുന്നവരെ വിശ്വസിക്കാത്തതാണ് കോൺഗ്രസിന്റെ യഥാർഥ പ്രശ്നമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ യൂത്ത് കോൺഗ്രസ് ശക്തമാകണം. കോൺഗ്രസിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ആളില്ലെന്നും യോജിപ്പിനല്ല ഭിന്നിപ്പിനാണ് പലരുടേയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളന ഭാഗമായി വ്യാഴാഴ്ച യുവജനറാലിയും പൊതുസമ്മേളനവും വെള്ളിയാഴ്ച പ്രതിനിധി സമ്മേളനവും നടക്കും. 27ന് സംഗീത നാടക അക്കാദമിയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ സംസ്ഥാന സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.