1990 ഡിസംബർ 26. എന്റെ വ്യക്തി ജീവിതത്തിലെ അവിസ്മരണീയ ദിനം. വിവാഹമൂഹൂർത്തം നിശ്ചയിച്ചത് ഉമ്മൻ ചാണ്ടിയുടെ വരവിനെ ആശ്രയിച്ചായിരുന്നു. ക്രിസ്മസ് കഴിഞ്ഞ് പുതുപ്പള്ളിയിലെ വസതിയിൽനിന്ന് പുറപ്പെടും. രാവിലെ 10ന് എത്തുമെന്നാണ് പ്രതീക്ഷ. ഇന്നത്തെപോലെ മൊബൈൽ ഫോൺ ഇല്ലാത്ത കാലം. വി.എം. സുധീരനും എം. മുരളിയും പി.ടി. തോമസും കെ.പി. വിശ്വനാഥനും ഉൾപ്പെടെ വലിയ നിരനേതാക്കൾ കാത്തുനിൽപ്പ് തുടങ്ങിയിട്ട് സമയം ഏറെയായി.
രമയും ബന്ധുക്കളും അക്ഷമരായി കാണും. അവർ മുഹൂർത്ത സമയം മനസ്സിൽ കണ്ടുകാണുമായിരിക്കും. പക്ഷേ, എനിക്ക് ‘പൂജാരി’ ഉമ്മൻ ചാണ്ടിയായിരുന്നു. 11ന് മുമ്പ് അദ്ദേഹം കാറിൽ പാഞ്ഞെത്തി. കാറിൽ നിന്നിറങ്ങി സ്വതസിദ്ധമായ ചിരിയിൽ ഓടിയൊരു വരവ്. സിദ്ധാർഥൻ കാട്ടുങ്ങലിന്റെ കമന്റ് -‘പ്രതാപൻ പേടിച്ച് നിൽപ്പാണ്. വിവാഹം മുടങ്ങുമോയെന്ന് കരുതി. ആശ്വാസമായി’. നാദസ്വരം മുഴങ്ങി. ചെറിയ താലിയുള്ള മഞ്ഞച്ചരട് വി.എം. സുധീരൻ എടുത്ത് ഉമ്മൻ ചാണ്ടിക്ക് നൽകി. കർമിയായി ഉമ്മൻ ചാണ്ടി എന്നെ ഏൽപ്പിച്ചു. ഞാൻ ഇരുവരോടും കൂടെയുള്ള നേതാക്കളോടും ബന്ധുക്കളോടും സമ്മതം ചോദിക്കുന്നു. ‘ഇതാണ് മുഹൂർത്തം -വി.എമ്മിന്റെ പ്രഖ്യാപനം വന്നു. രമയുടെ കഴുത്ത് എന്നിലേക്ക് സമർപ്പിച്ചു. മനസ്സ് എത്രയോ നാൾ മുമ്പ് എനിക്ക് തന്നിരുന്നതാണ്. ഭക്ഷണവും കഴിഞ്ഞ് ഉമ്മൻ ചാണ്ടി മടങ്ങി.
ഇങ്ങനെ എത്രയെത്ര ഓർമകൾ ഓരോ സഹപ്രവർത്തകർക്കും സാധാരണ ജനങ്ങൾക്കും ഉണ്ടാകും. ഞങ്ങൾ പിണങ്ങിയിട്ടുണ്ട്. നിലപാടുകളുടെ പേരിൽ അകന്നിട്ടുണ്ട്. പരിഭവങ്ങൾക്കിടയിലും നേരെ കാണുമ്പോൾ മറ്റൊരു മുഖമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പായി പ്രവർത്തിക്കാൻ എനിക്ക് അവസരം ഉണ്ടായി. ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന് സംശയം ഉണ്ടായിട്ടുണ്ടാവാം. കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് കൊടുക്കാൻ ഞാൻ മടിക്കുമോ എന്ന്. നിയമസഭയിൽ ഹാജരായി പാർട്ടി നയത്തിന് അനുസരിച്ച് വോട്ട് ചെയ്യാൻ കോൺഗ്രസ് എം.എൽ.എമാർക്ക് വിപ്പ് നൽകുന്നതിൽ ഒരു വീഴ്ചയും വരുത്തിയില്ല. മാത്രമല്ല ഒരു അംഗത്തിന്റെ ഭൂരിപക്ഷം മാത്രം ഉണ്ടായിരുന്ന ഭരണമുന്നണി സഭയിൽ പരാജയപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രത കാണിക്കുകയും ചെയ്തു.
അംഗങ്ങളുടെ സഭയിലെ ഹാജർ കുറയുമ്പോൾ മുൻനിരയിലേക്ക് വിളിച്ച് ജാഗ്രത പറയും. പിന്നെ ഒരോട്ടമാണ് ചീഫ് വിപ്പായ ഞാനും സെക്രട്ടറിയായ ബെന്നി ബെഹനാനും. ഒരിക്കൽ ഉമ്മൻ ചാണ്ടി പരസ്യമായി പറഞ്ഞു. ‘നമ്മൾ വിചാരിച്ച ആളല്ല പ്രതാപൻ. മിടുക്കനാണ്. അത് കൂടിയോയെന്ന സംശയമേയുള്ളൂ’. അത് എനിക്കൊരു സർട്ടിഫിക്കറ്റായിരുന്നു. അതോടെ മനസ്സിലെ എല്ലാ പരിഭവങ്ങളും ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
2017ൽ എനിക്ക് ഡെങ്കിപ്പനി വന്നു. അത് രൂക്ഷമായി. പ്ലേറ്റ്ലെറ്റ് വല്ലാതെ താഴ്ന്നു. സ്ഥിതി ഗുരുതരമെന്ന് വൈദ്യശാസ്ത്രം. രമേശ് ചെന്നിത്തല മുൻകൈയെടുത്ത് അമൃത ആശുപത്രിയിലെ ഐ.സി.യുവിലേക്ക് എത്തിച്ചു. വീട്ടുകാരുടെ ഹൃദയമിടിപ്പ് ഉയർന്ന സന്ദർഭം.
ഓർമ ഇടക്കിടെ നഷ്ടപ്പെടുന്നു. കണ്ണ് തുറന്ന സന്ദർഭത്തിൽ കട്ടിലിനരികിൽ ഉമ്മൻ ചാണ്ടി എന്റെ കൈപിടിച്ച് നിൽക്കുന്നു. പ്രാർഥിക്കുകയാണോയെന്ന് തോന്നി. എന്റെ കണ്ണ് നിറഞ്ഞു, അദ്ദേഹത്തിന്റെയും. രമയുടെ കണ്ണീരിന് മുന്നിൽ തൊഴുതു നിൽക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ഒരു കൂടപ്പിറപ്പിനെ പോലെ. ഇതാണ് ഉമ്മൻ ചാണ്ടിയെന്ന നന്മമരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.