തൃശൂർ: ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള പൊലീസിന്റെ പ്രത്യേക ദൗത്യമായ ‘ഓപറേഷന് ആഗി’ന്റെ ഭാഗമായി സിറ്റി, റൂറൽ പരിധികളിലായി 277 ഗുണ്ടകൾ അറസ്റ്റിലായി. സിറ്റി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 127 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്ന 221 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, ഗുണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവർ, പൊലീസ് സ്റ്റേഷനുകളിലെ കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, ക്രമസമാധാന ലംഘനം സൃഷ്ടിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവരുടെ താമസസ്ഥലങ്ങളിലും, മയക്കുമരുന്ന് വിൽപനക്കാരും ഗുണ്ടകളും തമ്പടിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്.
കമീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ തൃശൂർ, ഒല്ലൂർ, ഗുരുവായൂർ, കുന്നംകുളം അസി. കമീഷണർമാർ ചേർന്നാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ആരംഭിച്ച പരിശോധന പുലർച്ച വരെയും തുടർന്നു. വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട 10 പേരെയും കോടതിയിൽനിന്ന് ജാമ്യമെടുത്ത് മുങ്ങി നടന്നിരുന്ന 48 വാറന്റ് പ്രതികളേയും പിടികൂടാനായി.
ലൈസൻസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയുന്നതിനായി ജില്ലയിലെ 15 ആയുധ ലൈസൻസുകളും സ്ഫോടകവസ്തു നിർമാണ കേന്ദ്രങ്ങളും പരിശോധനക്ക് വിധേയമാക്കി. തൃശൂർ റൂറലിൽ 150 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 12 പേർ പിടികിട്ടാപ്പുള്ളികളാണ്. സ്ഥിരം ക്രിമിനലുകളായ 92 പേരും അറസ്റ്റിലായി. ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ട് വിവിധ കേസുകളിൽ മുങ്ങി നടന്നിരുന്ന 46 പേരും പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.