മാള: തിരുവിതാംകൂർ-കൊച്ചി അതിർത്തിയിലെ ചരിത്ര സ്മാരകമായ പൊലീസ് ചൗക്കിയുടെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ. പുത്തന്‍ചിറ പഞ്ചായത്ത് കരിങ്ങോൾച്ചിറയിലാണീ സ്മാരകം. ഇവിടെ ചരിത്രസ്മാരകങ്ങൾക്ക് ചുറ്റുമതിലോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ല.
സാമൂഹിക വിരുദ്ധർക്ക് എളുപ്പത്തിൽ കയറി വരാവുന്ന സ്ഥിതിയാണ്. പൊലീസ് ചൗക്കി വൃത്തിഹീനവുമാണ്. ലോക്കപ്പ് മുറി ഇന്നും മാറ്റങ്ങളില്ലാതെ ഉണ്ട്. എന്നാൽ ഇരുമ്പഴികൾ തുരുമ്പെടുത്ത നിലയിലാണ്.
തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്നു ഇത്. നാട്ടുരാജ്യമായിരുന്ന കൊച്ചിയുടെ ഭാഗമായിരുന്നു പുത്തൻച്ചിറ പ്രദേശം. കൊച്ചി രാജാവിൽ നിന്ന് തിരുവിതാംകൂറിന് പരിതോഷികമായി ലഭിച്ചതാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ടതാണ് ഇവിടത്തെ പൊലീസ് സ്റ്റേഷനെന്ന് ചരിത്രരേഖയിൽ കാണുന്നുണ്ട്. കാലപ്പഴക്കത്താല്‍ നാശോന്മുഖമായിരുന്ന കെട്ടിടം പുത്തൻചിറ പഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അതേസമയം സംരക്ഷിക്കാൻ തുടർ നടപടികൾ ഉണ്ടായില്ല.
കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി പ്രദേശമായ കരിങ്ങാൾച്ചിറ ചരക്ക് ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. ചുങ്കം പിരിക്കുന്ന ചൗക്കിയും ഇവിടെ നിലനിന്നിരുന്നു. കനോലി കനാലിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങൾ നെയ്തക്കുടി ചുങ്കം തോട് വഴിയാണ് കരിങ്ങാൾച്ചിറയിൽ എത്തിയിരുന്നത്. രാവും പകലും തിരക്കു നിറഞ്ഞ പ്രദേശമായിരുന്നു ഇത്.
കൊച്ചിയെയും തിരുവിതാംകൂറിനെയും വേർതിരിക്കാനായി കൊച്ചിയുടെ ആദ്യാക്ഷരവും തിരുവിതാംകൂറിന്റെ ആദ്യാക്ഷരവും കൊത്തിയ കല്ലുകൾ അതിർത്തികളിൽ സ്ഥാപിച്ചിരുന്നു. ഇവ ഇന്നും ഇവിടെ കാണാം. ഈ കല്ലുകൾ ‘കൊതി’ കല്ലുകളെന്നാണ് അറിയപ്പെട്ടിരുന്നത്. കരിങ്ങാൾച്ചിറ സ്റ്റേഷനു പിൻവശത്ത് അഞ്ചൽപ്പെട്ടിയും നശിക്കാതെ നിലനിൽക്കുന്നുണ്ട്. തിരുവിതാംകൂറിൽ പല അഞ്ചൽ പെട്ടികളുണ്ടായിരുന്നെങ്കിലും അവശേഷിക്കുന്നത് ഇതു മാത്രമാണ്. പഠനത്തിന്റെ ഭാഗമായി ചരിത്ര വിദ്യാർഥികൾ ഇവിടെ സന്ദർശനത്തിനെത്താറുണ്ട്.
കരിങ്ങാൾച്ചിറയിലെ ചരിത്ര സ്മാരകങ്ങൾ നിൽക്കുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി ചുറ്റുമതിൽ നിർമിച്ച് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.