അന്തിക്കാട്: അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിന് പൊളിച്ച് അഞ്ച് വർഷമായി തകർന്ന് കിടക്കുന്ന പെരിങ്ങോട്ടുകര-അന്തിക്കാട് റോഡ് നന്നാക്കിയിട്ടും ദിവസങ്ങൾക്കുള്ളിൽ തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ.
തകർന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുത്തൻപീടിക ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തുകയും കലക്ടർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി അന്തിക്കാട് മുതൽ പെരിങ്ങോട്ടുകര വരെയുള്ള റോഡ് ഏപ്രിൽ 30ന് മുമ്പ് ഫുൾ ടാർ ചെയ്തിരുന്നു.
മേയ് മാസത്തിൽ റോഡ് വീണ്ടും തകർന്ന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായി. പണി പൂർത്തിയായി ആറ് മാസത്തിനുള്ളിൽ റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി കരാറുകാരുടെ പേരിൽ നടപടി എടുക്കണമെന്ന് പുത്തൻപീടിക ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സ്റ്റാൻലിൻ തട്ടിൽ, അജയൻ മേനോത്തുപറമ്പിൽ, വി.വി. സജിത്ത്, വിജോ ജോർജ് എന്നിവർ ആവശ്യപ്പെട്ടു. മൂന്ന് മാസമായിട്ട് ഇപ്പോഴും തകർന്ന് കിടക്കുന്ന റോഡ് എത്രയും വേഗം ശരിയാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.