തൃശൂർ: ചേർപ്പ് വെങ്ങിണിശ്ശേരിയിൽ ഗുണ്ടാനേതാവിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷൻ സംഘത്തെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകി. കോട്ടയം സ്വദേശികളായ ലിപിൻ, ബിബിൻ, അച്ചു സന്തോഷ്, നിക്കോളാസ്, അലക്സ്, നിഖിൽ ദാസ്, തൃശൂർ ചേർപ്പ് സ്വദേശികളായ ജിനു ജോസ്, മിജോ ജോസ്, സജൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനാണ് പൊലീസ് തീരുമാനം. ബുധനാഴ്ച രാവിലെയാണ് വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപെട്ട കാറിൽ ആയുധം കണ്ടെത്തിയത്. തുടർന്ന് സംഘം തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ചേർപ്പ് പാലക്കലിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് വാഹനം ഇടിച്ചുനിർത്തി പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് വെങ്ങിണിശ്ശേരി സ്വദേശി ഗീവറിനെയും സുഹൃത്തിനെയും വധിക്കാനാണ് സംഘമെത്തിയതെന്ന് അറിഞ്ഞത്. ചെവ്വൂർ സ്വദേശികളും സഹോദരങ്ങളുമായ മിജോയും ജിനുവും നേരത്തേ ഒരു കൊലപാതകത്തിന് സാക്ഷികളായിരുന്നു.
ഈ കേസിൽ സാക്ഷിമൊഴി നൽകരുതെന്ന് ആവശ്യപ്പെട്ട് വെങ്ങിണിശ്ശേരി സ്വദേശി ഗീവറും സുഹൃത്തും ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി ഗീവറിനെ വധിക്കാൻ കോട്ടയത്തെ സംഘത്തെ വിളിച്ചുവരുത്തി ഇരുവരും ക്വട്ടേഷൻ നൽകുകയായിരുന്നു. ഗീവർ നേരത്തേ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെങ്കിലും നിലവിൽ ഇത്തരം കേസുകളുമായി ഇയാൾ ബന്ധപ്പെടുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച അന്വേഷണത്തിലുള്ളത്. കോട്ടയത്തെ ഗുണ്ടാനേതാവ് അച്ചുവിന്‍റെ നേതൃത്വത്തിലാണ് തൃശൂരിലെ ക്വട്ടേഷൻ എടുത്തത്. അച്ചു കോട്ടയത്ത് കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്ന പ്രതിയാണ്. ക്വട്ടേഷൻ പാളിപ്പോയത് ചേർപ്പിലെത്തിയ അന്നുതന്നെ ഇവർ സഞ്ചരിച്ച വാഹനം വെങ്ങിണിശ്ശേരിയിൽ ലോറിയുമായി കൂട്ടിയിടിച്ചതാണ്. പ്രതികൾ വാഹനം ഉപേക്ഷിച്ചു പോയെങ്കിലും നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി കാറിൽനിന്ന് വടിവാൾ കണ്ടെടുത്തു.
മറ്റൊരു കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി വ്യാപക തിരച്ചിലിനിടയിലാണ് സംഘത്തെ ചേർപ്പിൽനിന്ന് പിടികൂടിയത്. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതും പിടികൂടുന്നതും. ചേർപ്പിൽ എത്തുന്നതിന് മുമ്പ് ഒരു വീട്ടിൽ കയറി സംഘം മോഷണം നടത്തിയിരുന്നു. ഇവരിൽനിന്ന് അഞ്ച് വളകളും പണവും കണ്ടെത്തിയിരുന്നു. പ്രതികൾക്ക് കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഇരട്ടക്കൊലപാതകത്തിന്‍റെ ചൂട് മാറും മുമ്പാണ് കോട്ടയം ക്വട്ടേഷൻ സംഘത്തിന്‍റെ വരവെന്നതിനാൽ പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോയെന്നും കൂടുതൽ പേർ ആരൊക്കെയെന്നതിനെക്കുറിച്ചുമടക്കം അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.