രാഷ്ട്രീയ ഇടപെടൽ; മെഡിക്കൽ കോളജ് ഫാർമസി പ്രവർത്തനം അവതാളത്തിൽ

തൃശൂർ: ജീവനക്കാരുടെ അഭാവത്തിലും ശാസ്ത്രീയമായി പ്രവർത്തിച്ചിരുന്ന ഗവ. മെഡിക്കൽ കോളജിലെ ഫാർമസി രാഷ്ട്രീയ ഇടപെടൽമൂലം അവതാളത്തിലാവുന്നു. ഇതുമൂലം ഒ.പി ഫാർമസി, കാഷ്വാലിറ്റി ഫാർമസി കൂടാതെ വിവിധ കെട്ടിടങ്ങളിലെ ഏഴ് ഫ്ലോർ ഫാർമസിയിലും രോഗികൾക്ക് കൃത്യമായി മരുന്നു ലഭിക്കാത്ത അവസ്ഥയാണുള്ളത്.

പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് വരുന്ന ഫാർമസി സ്റ്റോറിന്റെ പ്രവർത്തനവും താളം തെറ്റുകയാണ്. രാഷ്ട്രീയ ഇടപെടൽ മൂലം നിലവിലുള്ള ഡ്യൂട്ടി ക്രമീകരണം മാറ്റിയതാണ് പ്രശ്നങ്ങളുടെ കാതൽ. നിലവിലെ ഡ്യൂട്ടി അപ്രായോഗികമാണെന്ന് തൃശൂർ കോർപറേഷൻ കൗൺസിലറായ ഇടതു നേതാവിനെ ജീവനക്കാരിൽ ചിലർ അവരുടെ അസൗകര്യംമൂലം അറിയിക്കുകയായിരുന്നു.

വേണ്ടത് ചെയ്യണമെന്ന് നേതാവ് പറഞ്ഞത് അധികൃതർ മുൻപിൻ നോക്കാതെ നടപ്പാക്കാൻ ശ്രമിച്ചതാണ് കാര്യങ്ങൾ സങ്കീർണമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അശാസ്ത്രീയ ഡ്യൂട്ടി ഉടച്ചുവാർത്തത് പ്രവർത്തനം തകിടംമറിച്ചു. ഒ.പി ഫാർമസി, കാഷ്വാലിറ്റി ഫാർമസി കൂടാതെ ഏഴ് ഫ്ലോർ ഫാർമസിയിലും ഒരുദിവസംതന്നെ വിവിധ മണിക്കൂറിൽ ജോലി ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാരുള്ളത്.

രാവിലെ ഒമ്പതു മുതൽ 11 വരെ ഫ്ലോർ ഫാർമസിയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾ 11 മുതൽ നാലുവരെ ഒ.പി ഫാർമസിയിൽ ജോലിക്ക് പോകണം. ഫ്ലോർ ഫാർമസിയിൽ വിതരണം ചെയ്ത് മരുന്നിന്റെ വിതരണ കണക്ക് തയാറാക്കാൻ പോലും ഇവർക്ക് സമയം ലഭിക്കാതെ പോകുകയാണ്.

തുടർന്ന് ഒ.പി ഫാർമസിയിലും ഇതേ വിഷയം അവരെ ബാധിക്കുന്നുണ്ട്. നിലവിൽ രാത്രി ഡ്യൂട്ടിക്കാർക്ക് നൽകിയിരുന്ന അവധി ആനുകൂല്യം വെട്ടിക്കുറച്ചു. വൈകീട്ട് ആറു മുതൽ രാവിലെ എട്ടു വരെ 14 മണിക്കൂർ ജോലിയാണ് രാത്രി ഡ്യൂട്ടിക്കാർക്കുള്ളത്. അങ്ങനെയുള്ളവർക്ക് രാവിലെ ഡ്യൂട്ടി കഴിഞ്ഞാൽ അടുത്ത ദിവസം രാവിലെ ജോലിക്ക് എത്തിയാൽ മതിയായിരുന്നു.

ഇത് നിർത്തലാക്കി രാവിലെ ഡ്യൂട്ടി കഴിയുന്നവർ അന്ന് വൈകീട്ട് ജോലിക്ക് എത്തേണ്ട ഗിതികേടുണ്ടായി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് മാറ്റിയെങ്കിലും സ്റ്റോറിൽ ജോലിചെയ്യുന്നവർക്കു വരെ രാത്രി ജോലി നൽകി. ഇത് സ്റ്റോറിൽ എത്തുന്ന മരുന്നുകൾ സ്റ്റോക്കിൽ കയറ്റുന്നതിന് കാലതാമസം വരുത്തുകയാണ്.

അതുകൊണ്ടുതന്നെ കാഷ്വാലിറ്റി ഒ.പിയിൽ എത്തുന്നവർക്കും ശസ്ത്രക്രിയ കഴിഞ്ഞുപോകുന്ന രോഗികൾക്കും ഒപ്പം ഇൻഷുറൻസ് അടക്കം പദ്ധതികളിൽ ചികിത്സ തേടിയെത്തുന്നവർക്കും ആവശ്യമായ മരുന്നു ലഭിക്കാതെ പോകുകയാണ്.

നിലവിൽ 39 ജീവനക്കാരാണുള്ളത്. സൂപ്രണ്ടിനെ കൂടാതെ ഗ്രേഡ് 2ൽ 19 പേരും ഒന്നിൽ ആറും ആശുപത്രി വികസന കമ്മിറ്റി നിയമിച്ച എട്ടും ആർ.എസ്.ബി.വൈയിൽ നിന്നുള്ള മൂന്നും പി.എസ്.കെയിൽ നിന്നുള്ള രണ്ടും ഉൾപ്പെടെ 39 ജീവനക്കാരാണുള്ളത്. മൂന്ന് ഫാർമസിസ്റ്റുകളെ കൂടി താൽക്കാലികമായി നിയമിച്ചാൽ തീരുന്ന പ്രശ്നത്തിനാണ് ജീവനക്കാരെ ബലിയാടാക്കുന്നത്. മാത്രമല്ല, ഇതിന് മരുന്നു കിട്ടാതെ രോഗികളും ബുദ്ധിമുട്ടുകയാണ്. 

Tags:    
News Summary - political involvement-Medical College Pharmacy function was not proper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.