തൃശൂർ: വെടിക്കെട്ട് നിരോധിച്ച ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം. നിലവിൽ പുറപ്പെടുവിച്ച ഉത്തരവ് ബോർഡിന് കീഴിലെ ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ബോർഡ് വിലയിരുത്തി.
ക്ഷേത്രങ്ങളിൽ വെടി പൊട്ടിക്കുന്നത് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. വെടിക്കെട്ടുകൾ നിർത്തുന്നത് ക്ഷേത്രാഘോഷങ്ങളുടെ പൊലിമ കുറക്കും. അതിനാൽ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ യോഗം തീരുമാനിച്ചതായി ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ അറിയിച്ചു.
വടക്കുന്നാഥ ക്ഷേത്രമൈതാനം മാലിന്യമുക്തമാക്കാനും ‘വിശപ്പുരഹിത തൃശൂർ’ പദ്ധതിക്കായി നേരേത്ത ബോർഡ് നടപ്പാക്കിയിരുന്ന ‘പ്രസാദം’ പദ്ധതി പുനരാരംഭിക്കാനും ബോർഡ് യോഗം തീരുമാനിച്ചു. വടക്കുന്നാഥ മൈതാനത്ത് പലയിടങ്ങളിലും മാലിന്യം കൂടിക്കിടക്കുന്നതും പ്ലാസ്റ്റിക് അടക്കം കൂട്ടിയിട്ട് കത്തിക്കുന്നതും ഹൈകോടതിയുടെയടക്കം രൂക്ഷ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.
തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്കരിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ്, കോർപറേഷൻ, ശുചിത്വമിഷൻ, തദ്ദേശ വകുപ്പ് അധികൃതർ എന്നിവരുമായുള്ള ആലോചനയോഗം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശന്റെ അധ്യക്ഷതയിൽ ബോർഡ് ചേംബറിൽ ചേർന്നു.
മൈതാനം മാലിന്യമുക്തമാക്കാൻ ആവശ്യമായ സംവിധാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. ‘പ്രസാദം’ പദ്ധതി ഡോ. സുദർശൻ പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കാലത്താണ് നടപ്പാക്കിയത്. പിന്നീട് പ്രളയവും കോവിഡും കാരണം പദ്ധതി നിലച്ചിരുന്നു.
ഇതാണ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമീഷണർ സി. അനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ പി. വിമല, ഡെപ്യൂട്ടി കമീഷണർ കെ. സുനിൽകുമാർ, അസി. കമീഷണർ (എസ്റ്റേറ്റ്) കെ. കൃഷ്ണൻ, ലോ ഓഫിസർ ഷൈമോൾ സി. വാസു, തൃശൂർ ഗ്രൂപ് അസിസ്റ്റന്റ് കമീഷണർ വി.എൻ. സ്വപ്ന, വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.ടി. സരിത, എൽ.എസ്.ജി.ഡി, എൻഫോഴ്സ്മെന്റ് ഡയറക്ടർ വിനോദ്കുമാർ, കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.