തൃശൂർ: മുൻവർഷങ്ങളിൽ ശക്തമായ മഴലഭിച്ച ആഗസ്റ്റിന്റെ തുടക്കത്തിൽ മഴക്കാറൊഴിഞ്ഞ് ജില്ല. പകൽചൂട് 31 ഡിഗ്രിയായി ഉയരുകയും ചെയ്തു. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് വരെയുള്ള രണ്ട് മാസം ജില്ലയുടെ മഴക്കമ്മി 41 ശതമാനമാണ്. സാധാരണഗതിയിൽ ഈ സമയത്ത് ജില്ലക്ക് ലഭിക്കേണ്ടത് 1441.9 മില്ലി മീറ്റർ മഴയാണ്. ലഭിച്ചതാകട്ടെ 850.4 മില്ലി മീറ്ററും. കലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം സാധാരണ മഴ ലഭിച്ചത് പത്തനംതിട്ടയിൽ മാത്രമാണ്. 20 മുതൽ 59 ശതമാനംവരെ കുറയുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്. അതിന് മുകളിലാണെങ്കിൽ വൻതോതിലുള്ള കുറവായി രേഖപ്പെടുത്തും. ഏറ്റവും കൂടുതൽ മഴക്കുറവ് ഇടുക്കിയിലാണ് (54ശതമാനം), വയനാട് (49), പാലക്കാട് (42), കോഴിക്കോട് (49), കോട്ടയം (43) എന്നിവയാണ് 40 ശതമാനത്തിലേറെ മഴക്കുറവ് രേഖപ്പെടുത്തിയ മറ്റ് ജില്ലകൾ. സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ആദ്യപാദത്തിൽ 37ശതമാനമാണ് കുറവ്. സിംഹഭാഗവും പെയ്തൊഴിയേണ്ട മാസമാണിത്. ജൂണിൽ 60, ജൂലൈയിൽ ഒമ്പത് ശതമാനവുമാണ് മഴക്കുറവുണ്ടായത്. ലക്ഷദ്വീപിൽ സാധാരണ തോതിൽ മഴകിട്ടി. പത്താം തീയതിവരെ ഒറ്റപ്പെട്ടമഴക്കുള്ള സാധ്യതമാത്രമെ കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രവചിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതീക്ഷിച്ചതിലും കൂടുതൽ മഴലഭിച്ച മാസമാണ് ആഗസ്റ്റ്. അതേസമയം, മേഘാവൃതമായ അന്തരീക്ഷം മാറിയതോടെ പകൽ താപനിലയിൽ വർധനവ് രേഖപ്പെടുത്തി. ഇത് കാലവർഷത്തിൽ പതിവില്ലാത്തതാണെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച വെള്ളാനിക്കര സ്റ്റേഷനിൽ രേഖപ്പെടുത്തിയ താപനില 31.7 ഡിഗ്രിയാണ് (കുറഞ്ഞത് - 24.9).
കാലവർഷത്തിന്റെ സിംഹഭാഗവും പെയ്തൊഴിയേണ്ട ജൂൺ, ജൂലൈ മാസങ്ങൾ 37 ശതമാനം മഴക്കുറവിൽ അവസാനിച്ചതോടെ പ്രതീക്ഷ മുഴവൻ ‘സെക്കൻഡ് ഹാഫായ’ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്. മൺസൂൺ വിലയിരുത്തലിൽ ഈ മാസങ്ങളിൽ പെയ്യേണ്ടത് 27 ശതമാനമാണ്. എന്നാൽ, ഐ.എം.ഡി മഴക്കുറവാണ് പ്രവചിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ, മൺസൂൺ ദുർബലമായി അവസാനിക്കും. കാലവർഷം ഇക്കുറി എത്തിയത് ജൂൺ എട്ടിനാണ്. പിന്നീട് മഴ കുറഞ്ഞു. ജൂലൈയിലാണ് അൽപമെങ്കിലും മെച്ചപ്പെട്ടത്. കടൽ ചൂടുപിടിക്കുന്ന എൽനിനോ പ്രതിഭാസമാണ് മൺസൂണിന് പ്രതികൂലമാകുന്നത്. അതേസമയം, ഈ പ്രതിഭാസം കണക്കിലെടുക്കേണ്ടെന്ന് പറയുന്ന കാലാവസ്ഥ നിരീക്ഷകരുമുണ്ട്. ആഗസ്റ്റിൽ ഒന്നുരണ്ടു ദിവസം അതിതീവ്രമഴയും ഏതാനും ദിവസങ്ങളിൽ കനത്തമഴയും പെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഒരോമാസവും മഴയുടെ അളവ് അനുസരിച്ചാണ് കേരളത്തിലെ കൃഷി. ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കുറവ് ഒന്നാം വിള കൃഷിയെ ബാധിക്കും. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ മഴയുടെ സ്വഭാവം മാറി. തീവ്രമഴയിൽ വൻകൃഷിനാശം സംഭവിച്ചു. അതേസമയം, വേനലിലേക്ക് ആവശ്യമായ വെള്ളമില്ലാതെ കൃഷി നശിക്കുന്ന സ്ഥിതിയുമുണ്ടായി. ഒരോമാസത്തെ മഴക്കുറവും പിന്നീട് നികത്തപ്പെട്ടുവെന്ന് പറഞ്ഞാലും ഇതെല്ലാം ഓരോ സീസണിലെ വിളകളെ ദോഷകരമായി ബാധിക്കും. ഞാറ്റുവേലകൾക്കനുസരിച്ചാണ് കേരളത്തിലെ കൃഷി. എന്നാൽ, ഞാറ്റുവേലകളിൽ പ്രതീക്ഷിച്ച മഴയില്ലാത്തതാണ് ഇപ്പോഴത്തെ സ്ഥിതി.
മൺസൂൺ മഴയെകുറിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. നിലവിലെ പ്രവചനം അനുസരിച്ച് എൽനിനോ കാരണം മഴകുറയാം. എന്നാൽ ‘ഇന്ത്യൻ നിനോ’ എന്നൊരു പ്രതിഭാസം സംഭവിച്ച് മഴ നന്നായി ലഭിക്കാനുള്ള സൂചനയുമുണ്ട്. പസഫിക്കിലെ എൽനിനോക്ക് സമാനമായി ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിക്കുന്ന പ്രതിഭാസമാണിത്. എൽനിനോ ബാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട വർഷങ്ങളിൽ നന്നായി മഴലഭിച്ച സംഭവങ്ങൾ നിരവധിയുണ്ട്. ഇത്തരത്തിൽ നിരവധി ഘടകങ്ങൾ മൺസൂൺ മഴയെ സ്വാധീനിക്കാം. -(ഡോ. ഗോപകുമാർ ചോലയിൽ - കാലാവസ്ഥ ഗവേഷക വിദഗ്ധൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.