തൃശൂർ: പുല്ലഴി കോൾപാടത്ത് അപൂർവ ഇനമായ രാജാപ്പരുന്തിനെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിജോയ് ഇമ്മട്ടിതാണ് ഇതിനെ കണ്ടെത്തിയത്. ‘ഇംപീരിയൽ ഈഗിൾ’ എന്നറിയപ്പെടുന്ന ഈ പക്ഷിയെ 2003ൽ കണ്ണൂരിൽ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് കാണുന്നത്.
തെക്കുകിഴക്കൻ യൂറോപ്പിലും പടിഞ്ഞാറ്, മധ്യേഷ്യ വരെയുള്ള പാലിയാർട്ടിക് മേഖലകളിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. ശൈത്യകാലത്ത് വടക്കുകിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തെക്ക്-കിഴക്കൻ ഏഷ്യ മേഖലകളിലേക്ക് ദേശാടനം നടത്തും. ഇന്റർനാഷണൽ യൂനിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്സിന്റെ ചുവന്ന പട്ടികപ്രകാരം വംശനാശ സാധ്യതയുള്ള പക്ഷിയാണ്.
തൃശൂർ-പൊന്നാനി കോൾമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൗരശാസ്ത്ര-പഠന-ഗവേഷണ കൂട്ടായ്മയായ കോൾ ബേഡേഴ്സ് കലക്ടീവ് നടത്തുന്ന പക്ഷി നിരീക്ഷണത്തിൽ നിരവധി പരുന്തുകൾ കോൾപാടത്തേക്ക് ഇത്തവണ വിരുന്ന് വരുന്നതായി കാണുന്നതായി പക്ഷി നിരീക്ഷകൻ മനോജ് കരിങ്ങാമഠത്തിൽ പറയുന്നു. ‘അക്വില’ ജനുസ്സിൽപ്പെട്ട ദേശാടകരായ പരുന്തുകളിൽ വലിയ പുള്ളിപ്പരുന്ത്, ചെറിയ പുള്ളിപ്പരുന്ത്, കായൽപ്പരുന്ത് എന്നിവയെ ഇത്തവണ കോൾപ്പാടത്തുനിന്ന് കണ്ടെത്തി. ഇവയെല്ലാം വംശനാശത്തിന്റെ വക്കിലുള്ളതോ സാധ്യതയുള്ളതോ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.