തൃപ്രയാർ: സ്വകാര്യ വ്യക്തി തണ്ണീർത്തടം നികത്തുന്നത് തടഞ്ഞ ഉദ്യോഗസ്ഥരെ മണ്ണുമാന്തി യന്ത്രം കയറ്റി അപായപ്പെടുത്താൻ ശ്രമം. വലപ്പാട് പഞ്ചായത്ത് ആറാം വാർഡിലാണ് ഏക്കർ കണക്കിന് തണ്ണീർത്തടം നികത്തുന്നത്. വില്ലേജ് ഓഫിസർ റജുല, വില്ലേജ് അസിസ്റ്റന്റുമാരായ സുധീഷ്, സുനി, കൃഷി ഓഫിസർ ഷജിത എന്നിവരെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് വലപ്പാട് പൊലീസിൽ പരാതി നൽകി. നികത്തലിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് വകവെക്കാതെയാണ് നികത്തൽ തുടരുന്നത്. ഇങ്ങനെ നഞ്ച, തണ്ണീർത്തടം എന്നീ വിഭാഗത്തിൽപെട്ട അഞ്ച് ഏക്കറോളം ഭൂമി നികത്തിക്കഴിഞ്ഞു.
ഇതുസംബന്ധിച്ച് വലപ്പാട് സ്വദേശി അഖിൽ വിജിത്ത് കഴിഞ്ഞ ജനുവരിയിൽ റവന്യു മന്ത്രി, കലക്ടർ, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി സ്റ്റോപ്പ് മെമ്മോ നൽകി.
തണ്ണീർത്തടം നികത്തിയെടുത്ത് ഭൂമി തരം മാറ്റിയെടുക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും തരംമാറ്റിയ ശേഷം വില്ലകളും റിസോർട്ടുകളും നിർമിക്കലാണ് ലക്ഷ്യമെന്നും അഖിൽ പരാതിയിൽ പറയുന്നുണ്ട്. കനോലി കനാലിനും ചിറ കെട്ടിനും ഇടയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട 60 ഏക്കർ തണ്ണീർത്തടം ഇല്ലാതാകുമെന്നും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തിയാണ് നികത്തൽ നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് വ്യാഴാഴ്ച ഉച്ചക്ക് നടന്ന മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള അപായപ്പെടുത്തൽ ശ്രമം.
തൃപ്രയാർ: വലപ്പാട് ആറാം വാർഡിൽ തണ്ണീർത്തടം നികത്തുന്നതിനെതിരെ സി.പി.ഐ പ്രവർത്തകർ കുത്തിയ കൊടി പാർട്ടി എം.എൽ.എ സി. മുകുന്ദൻ ഊരി. സി.പി.ഐ പഞ്ചായത്ത് ഘടകമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പൂർവസ്ഥിതിയിലാക്കണമെന്നും അല്ലെങ്കിൽ തരംമാറ്റിയ രേഖ വേണമെന്നും പറഞ്ഞാണ് പ്രതിഷേധിച്ചത്. നികത്തുന്ന സ്ഥലത്ത് പാർട്ടി പതാക നാട്ടി. മണ്ഡലം കമ്മിറ്റി കൊടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് കമ്മിറ്റി വഴങ്ങിയില്ല. ഇതോടെയാണ് എം.എൽ.എയെ പാർട്ടി സമീപിച്ചത്.
ഇത്തരം സമരങ്ങൾക്ക് പാർട്ടി പതാക ഉപയോഗിക്കരുതെന്ന് പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കൊടി ഊരിയതെന്നുമാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.