തൃശൂർ: സ്വകാര്യബസിന്റെ സമയക്രമത്തിൽ തൃശൂർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ 13 വർഷങ്ങൾക്ക് മുമ്പുണ്ടായ പിഴവ് തിരുത്താത്തത് തികഞ്ഞ അനാസ്ഥയാണെന്ന് മനുഷ്യാവകാശ കമീഷൻ. തൃപ്രയാറിൽനിന്ന് രാവിലെ 10ന് പുറപ്പെടേണ്ട ബസിന് 9.50 എന്ന് തെറ്റായി സമയക്രമം നിശ്ചയിച്ചു നൽകിയ പിഴവ് ഒരു മാസത്തിനകം പരിശോധിച്ച് പരാതിക്ക് പരിഹാരം കാണണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമീഷനെ അറിയിക്കണം.
ഉത്തരവ് ട്രാൻസ്പോർട്ട് കമീഷണർ മുഖാന്തരം തൃശൂർ ആർ.ടി.ഒക്ക് അയക്കാനാണ് ഉത്തരവ്. കേസ് വീണ്ടും ജൂണിൽ പരിഗണിക്കും. കൊടുങ്ങല്ലൂർ എടതിരുത്തി കാട്ടിക്കുളം ഹൗസിൽ കെ.പി. മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 1995 മുതൽ ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിൽ സർവിസ് നടത്തുന്ന ബസിന്റെ സമയമാണ് മാറിയത്. 2010 ജൂലൈ ഏഴിന് നിശ്ചയിച്ച സമയക്രമമാണ് 10 എന്നതിന് പകരം രാവിലെ 9.50 എന്ന് മാറിയത്.
ഇരിങ്ങാലക്കുടയിൽ എത്തേണ്ട സമയം രാവിലെ 10.50 എന്നതിന് പകരം 10.40 എന്നായി മാറി. ഫലത്തിൽ തൃപ്രയാർ സ്റ്റാൻഡിൽനിന്ന് 9.50 ന് രണ്ടു ബസുകൾ ഇരിങ്ങാലക്കുടക്ക് തിരിക്കുന്നുണ്ട്. സമയക്രമം തിരുത്തി നൽകാൻ താൻ അപേക്ഷ നൽകിയെങ്കിലും മറ്റൊരു ബസുടമയുടെ സ്വാധീനത്തിന് വഴങ്ങി അവഗണിച്ചതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.