പെരിഞ്ഞനം: പുതിയൊരു അധ്യയനവർഷത്തിന് ഇന്ന് തുടക്കമാകുമ്പോൾ ഷെയ്ക്ക് സലീം ഖാൻ എന്ന നാലുവയസ്സുകാരൻ സ്കൂളിലെത്തുക നീട്ടിവളർത്തിയ മുടിയുമായിട്ടായിരിക്കും. അതും ഇടതൂർന്ന നല്ല നീളൻ മുടിയുമായി. കാണുന്നവർക്ക് അത്ഭുതം തോന്നുമെങ്കിലും ഈ മുടി വളർത്തലിന് പിന്നിൽ പേരിലെ നീട്ടം പോലെ തന്നെ വലിയൊരു ലക്ഷ്യവുമുണ്ട് സലീംഖാന്. അർബുദ ബാധിതർക്കായി മുടി ദാനം ചെയ്യണം.
കുരുന്നു പ്രായത്തിൽ അർബുദത്തെ കുറിച്ച് അറിയില്ലെങ്കിലും വാപ്പയുടെയും ഉമ്മയുടെയും ആഗ്രഹം നടത്തിക്കൊടുക്കാനുള്ള തയാറെടുപ്പിലാണ് ഈ യു.കെ.ജിക്കാരൻ. മതിലകം പുന്നക്ക ബസാർ സ്വദേശി ഷിജാസ്-രഹ്ന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് മതിലകം പുതിയകാവ് പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിലെ വിദ്യാർഥിയായ ഷെയ്ക്ക് സലീം ഖാൻ.
സലീം ഖാന് ഒരു വയസ്സുള്ളപ്പോഴാണ് അർബുദ ബാധിതർക്ക് വേണ്ടി മുടി ദാനം ചെയ്യണമെന്ന ആഗ്രഹം മാതാപിതാക്കൾക്കുണ്ടായത്. അതോടെ മകന്റെ മുടി നീട്ടി വളർത്തുകയായിരുന്നു. എൽ.കെ.ജിയിൽ പഠിക്കുമ്പോൾ മുടിക്ക് അധികം നീളമുണ്ടായിരുന്നില്ലെങ്കിലും കെട്ടിവെച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്.
സലിംഖാൻ മുടി ദാനം ചെയ്യാൻ തയാറെടുത്തതോടെ ക്ലാസ് അധ്യാപികയായ അഞ്ജനയും തൃശൂർ അമല ആശുപത്രിയിലെ അർബുദ ബാധിതർക്ക് മുടി നൽകാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. ജൂൺ 13ന് അമല ആശുപത്രിയിൽ നടക്കുന്ന കേശദാനം സ്നേഹ ദാനം പരിപാടിയിൽ വെച്ച് ഇരുവരും മുടി ദാനം ചെയ്യും.
ബ്ലഡ് ഈസ് റെഡ് എന്ന ഹെയർ ബാങ്ക് സംഘടനയുടെ സ്ഥാപകനായ അസീസ് കല്ലുംപുറത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി വിദ്യാർഥികൾ ഉൾപ്പെടെ 25 പേരാണ് അന്നേ ദിവസം മുടി ദാനം ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ദാതാവാണ് ഷെയ്ക്ക് സലീം ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.