തൃശൂർ: രാഷ്ട്രീയപാർട്ടികളുടെ പോർവിളികളിൽ ക്രമസമാധാന ഉത്തരവാദിത്വത്തിനിടയിൽ നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങളെയും വീണ്ടെടുത്ത ജാഗ്രതയിലാണ് തൃശൂർ പൊലീസ്.

രണ്ട് ദിവസങ്ങളിലായി മാനസികമായി തകർന്ന രണ്ട് കുടുംബങ്ങളെയാണ് പൊലീസുകാരുടെ ഇടപെടലിലൂടെ ജീവിതവും സന്തോഷവും വീണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ നേരം മണ്ണുത്തി സ്റ്റേഷനിലേക്ക് വിദേശ നമ്പറിൽ നിന്നും ഒരു ഫോൺകോൾ എത്തി. മാടക്കത്ര ഭാഗത്ത് കൂട്ടുകാരൻ ആത്മഹത്യചെയ്യാൻ നിൽക്കുന്നു. ഫോട്ടോസഹിതം അയച്ചുതന്നിരിക്കുന്നു എത്രയും വേഗം പോയിനോക്കണം. പരിഭ്രമത്തിലുള്ള ഫോൺ വിളി കേട്ട ഉടൻ തന്നെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. രജിത ബൈക്ക് പട്രോളിങ്ങ് ഡ്യൂട്ടിയിലെ സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. അജിത്തിനെയും വി.പി. രാജേഷിനെയും ബന്ധപ്പെട്ട് അവിടേക്കെത്താൻ നിർദേശിച്ചു.

അടച്ചിട്ട മുറിയുടെ ജനലിന്‍റെ ചെറിയൊരു പഴുതിലൂടെ നോക്കിയ അവർ ആത്മഹത്യക്കായി ശ്രമിക്കുന്ന യുവാവിനെയാണ് കണ്ടത്. വാതിൽ തുറക്കാനും, എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാമെന്നും, രണ്ടുപേരും അവനോട് വാതിലിലും ജനലിലും തട്ടി നിരന്തരം അഭ്യർഥിച്ചുകൊണ്ടിരുന്നു. അതിനിടയിൽ വാതിൽ തുറക്കാനുള്ള പരിശ്രമങ്ങളും നടത്തി. പൊലീസുകാരുടെ അനുനയവും ആത്മവിശ്വാസം പകർന്ന ആശ്വാസവാക്കുകളും ഫലം കണ്ടു. യുവാവ് അവസാനം താഴെ ഇറങ്ങി വാതിൽ തുറന്നു. അയാൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. എന്തു സഹായത്തിനും ഞങ്ങളുണ്ട് ധൈര്യമായിരിക്കണം. എന്താണ് പ്രശ്നമെന്ന് തുറന്നുപറയണം എല്ലാത്തിനും പ്രതിവിധിയുണ്ടാക്കാം എന്നു പറഞ്ഞ് രണ്ടുപേരും യുവാവിനെ ആശ്വസിപ്പിച്ച് ചേർത്തു നിർത്തി.

മാനസിക സംഘർഷം മൂലം രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും അച്ഛനും അമ്മയും പുറത്ത് പോയ നേരത്തായിരുന്നു യുവാവിന്‍റെ ആത്മഹത്യാശ്രമം. യുവാവിനോടും വീട്ടുകാരോടും വളരെ സമയം സംസാരിച്ചും ആശ്വസിപ്പിച്ചും ഇൻസ്പെക്ടർ യുവാവിന് ഏറെ ധൈര്യം നൽകി.

ചേർപ്പ് സ്വദേശികളായ അമ്മയും മകളും തൃശൂർ ജനറൽ ആശുപത്രിയിലെത്തിയതാണ്. പ്ലസ്ടുകാരിയായ മകളും അമ്മയും തമ്മിൽ ദിവസങ്ങൾക്ക് മുമ്പേ തുടങ്ങിയ സൗന്ദര്യപിണക്കത്തിലായിരുന്നു.

അമ്മ ചോദിച്ചതിന് മാത്രം മറുപടി നൽകിയിരുന്ന മകൾ പിണങ്ങി ഏറെ മാറി തന്നെയായിരുന്നു ഇരുപ്പും നടപ്പുമെല്ലാം. പിണക്കങ്ങൾ സാധാരണമായതിനാൽ അമ്മ കാര്യമാക്കിയില്ല. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ പോയ മകളെ തിരികെയെത്തിയപ്പോൾ കാണാനില്ല. ആശുപത്രി പരിസരം മുഴുവൻ തിരഞ്ഞു. അടുത്തുണ്ടായിരുന്നവരോടും ചോദിച്ചു. മകൾ പോയതിനെ കുറിച്ച് അറിഞ്ഞില്ല.

ആശുപത്രിയിൽ നിന്നും ഈസ്റ്റ് സ്റ്റേഷനിലേക്ക് വിവരമെത്തി. കൺട്രോൾ റൂമിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ എല്ലാ വയർലസ് സെറ്റുകളിലും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള സന്ദേശം വിശദവിവരങ്ങളോടെ എത്തി. ഈ സമയം ദിവാൻജിമൂലയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ റെജികുമാറും സന്ദേശം ശ്രദ്ധിച്ചിരുന്നു. റെജികുമാർ വാഹനങ്ങൾ നിയന്ത്രിച്ചു വിടുന്നതിനിടയിലാണ് മെസേജിൽ പറഞ്ഞപ്രകാരമുള്ള വസ്ത്രം ധരിച്ച് ഒരു കുട്ടി റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വഴിയിലൂടെ പോകുന്നത് കണ്ടത്.

കാണാതായ കുട്ടിയുമായി ചെറിയൊരു സാമ്യം തോന്നിയതിനാൽ റെജി ഓടിയെത്തി പേര് ചോദിച്ചു. പേരും, അടയാളമായി പറഞ്ഞിരുന്ന വിവരങ്ങളും ഒന്നുതന്നെ എന്ന് മനസ്സിലായതോടെ റെജി വയർലസ് സെറ്റിലൂടെ കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു.

കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ കൺട്രോൾറൂമിലെ വാഹനവും കൂടെ അമ്മയും സ്ഥലത്തെത്തി. നാടുവിടാനായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയപ്പോഴാണ് റെജിയുടെ ശ്രദ്ധയിൽപ്പെട്ടത്. അമ്മക്കും മകൾക്കും വേണ്ട നിർദേശങ്ങളും ആശ്വാസവും ആത്മവിശ്വാസം പകർന്നും ഇരുവരെയും പൊലീസുകാർ യാത്രയാക്കി.

Tags:    
News Summary - Second day of rescue mission for Thrissur Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.