കുന്നംകുളം: സി.പി.എം പോർക്കുളം ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത വീണ്ടും പരസ്യമായി. ഒരു മാസം മുൻപ് സെക്രട്ടറിയായ ഡി.വൈ.എഫ്.ഐ ജില്ല നേതാവിനെതിരെ മത്സരിച്ച് ഔദ്യോഗിക പക്ഷക്കാരൻ സെക്രട്ടറിയായി. ഏഴിനെതിരെ എട്ട് വോട്ട് നേടിയാണ് പി. അരവിന്ദാക്ഷൻ സെക്രട്ടറിയായത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എസ്. ഷാനുവാണ് പരാജയപ്പെട്ടത്.
ബ്രാഞ്ച് സമ്മേളനങ്ങളുടെ തുടക്കത്തിലാണ് പോർക്കുളത്ത് ലോക്കൽ സെക്രട്ടറിയെ മാറ്റിയത്. അന്ന് സെക്രട്ടറിയായിരുന്ന അഡ്വ. രാമകൃഷ്ണൻ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും വഹിക്കുന്ന സാഹചര്യത്തിലാണ് പുതിയയാളെ തെരഞ്ഞെടുത്തത്. ഔദ്യോഗിക പക്ഷക്കാർ കൊണ്ടുവന്ന മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. നാരായണനെ പരാജയപ്പെടുത്തിയാണ് ഷാനു സെക്രട്ടറിയായത്. അന്ന് നാരായണനെ സെക്രട്ടറിയാക്കാൻ നിർദേശിച്ചെങ്കിലും വോട്ടെടുപ്പ് വന്നതോടെ ഔദ്യോഗിക പക്ഷത്തെ രണ്ട് പേർ നിഷ്പക്ഷത പാലിച്ചിരുന്നു. അതിൽ ഒരാളാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദാക്ഷൻ.
നിലവിലെ 15 അംഗ കമ്മിറ്റിയിൽ മൂന്നു പേർ ഒഴിവാക്കപ്പെട്ടപ്പോൾ പകരക്കാരായി സിന്ധു ബാലൻ, അഭിജിത്ത്, ജ്യോതിസ് എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഔദ്യോഗിക പക്ഷത്തിന് എതിരെയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നയാളാണ് ഷാനു.
കേന്ദ്ര സംസ്ഥാന നേതാക്കളായ എൻ.ആർ. ബാലൻ, എ.സി. മൊയ്തീൻ എം.എൽ.എ, ജില്ല കമ്മിറ്റി അംഗം ടി.കെ. വാസു, ഏരിയ സെക്രട്ടറി എം.എൻ. സത്യൻ, എം. ബാലാജി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ബ്രാഞ്ചുകൾ, പോഷക സംഘടന എന്നിവയിൽ നിന്ന് ലോക്കൽ സമ്മേളന പ്രതിനിധികളെ ഉൾപ്പെടുത്തിയതിൽ കടുത്ത വിഭാഗീയത നടന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഏരിയ നേതാക്കളുടെ ഒത്താശയോടെയാണ് ഒരു മാസം മാത്രമായ സെക്രട്ടറിയെ വെട്ടിയതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.