വാടാനപ്പള്ളി: തീരദേശത്ത് വീണ്ടും സ്പിരിറ്റ് വേട്ട. തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽനിന്ന് 595 ലിറ്റർ പിടികൂടി. 17 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് വാടാനപ്പള്ളി എക്സൈസ് സി.ഐ സി.എച്ച്. ഹരികുമാറും വാടാനപ്പള്ളി റേഞ്ച് പാർട്ടിയും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരതാമസമില്ലാത്ത വീട്ടിൽനിന്ന് സ്പിരിറ്റ് കണ്ടെത്തിയത്.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് സി.ഐ പറഞ്ഞു. പ്രിവന്റിവ് ഓഫിസർമാരായ എ. സന്തോഷ്, ടി. ടോണി വർഗീസ്, എം.എ. സിദ്ധാർഥൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് ഇ. പോൾ, ആർ. രതീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.എൻ. നീതു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പാട് പുറത്തൂരിൽനിന്ന് 1065 ലിറ്റർ സ്പിരിറ്റ് അന്തിക്കാട് പൊലീസ് പിടികൂടിയിരുന്നു. കള്ള് ഇറക്കുന്ന തൊഴിലാളി ഷാജിയുടെ വീട്ടിലെ തൊഴുത്തിൽനിന്നാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്. തീരദേശത്തേക്ക് സ്പിരിറ്റ് ഒഴുകുകയാണ്. വീര്യം കൂട്ടാൻ കള്ളിൽ കലർത്താനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യാജ കള്ള് തടയാനും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചാഴൂരിൽനിന്ന് അനധികൃത കള്ളും പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.