തൃശൂർ: വാക്സിനേഷൻ പൂർത്തിയാക്കി സംസ്ഥാന സർക്കാറിെൻറ സർട്ടിഫിക്കറ്റ് ലഭിച്ച പ്രവാസികൾ പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാൽ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ നട്ടംതിരിയുകയാണവർ.
ജൂൺ ഒന്ന് മുതൽ 13 വരെ രണ്ടാം ഡോസ് എടുത്ത പ്രവാസികൾക്ക് കേരളത്തിെൻറ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സംസ്ഥാനം നൽകിയിരുന്ന സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും വാക്സിൻ നൽകുന്ന തീയതിയും ഇല്ലായിരുന്നു. മാത്രമല്ല, ഒന്നാം വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ഇതിലില്ല. സംസ്ഥാന സർക്കാറിെൻറ ചിഹ്നം അടക്കം രണ്ടാം ഡോസ് വിവരങ്ങൾ മാത്രമാണുള്ളത്.
കേന്ദ്ര സർക്കാറിെൻറ 'കോവിൻ' പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് തുടക്കം മുതൽ വാക്സിൻ പൗരന്മാർക്ക് നൽകിയിരുന്നത്. വിതരണം സുഗമമാക്കാൻ കേരള സർക്കാർ ഇടക്കാലത്ത് 'kerala.gov.in/vaccination'എന്ന വെബ്സൈറ്റ് തുടങ്ങി. പ്രവാസികൾക്കു പെട്ടെന്ന് രണ്ടാം ഡോസ് ലഭിക്കാൻ ഇത് സഹായമായെങ്കിലും കുരുക്ക് പിന്നീടാണ് വന്നത്. ഇതു പല രാജ്യങ്ങളും സ്വീകരിക്കാതായപ്പോൾ വിവരങ്ങൾ ചേർത്ത് സർട്ടിഫിക്കറ്റ് പരിഷ്കരിച്ചു. അപ്പോഴാണ് സംസ്ഥാന സർക്കാറുകളുടെ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാവില്ലെന്ന് പല രാജ്യങ്ങളും നിലപാടെടുത്തത്.
അതിനിടെ 'കോവിൻ' പോർട്ടലിൽ സംസ്ഥാന സർട്ടിഫിക്കറ്റിന് പകരം കേന്ദ്ര സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടി ഉണ്ടെങ്കിലും അതിനും കഴിയാത്ത സാഹചര്യവുമുണ്ടായി. രണ്ടു സർട്ടിഫിക്കറ്റും ഒരേ യൂസർ ഐഡിയിൽനിന്ന് അപേക്ഷിച്ചതിനാൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയിൽപെട്ടതോടെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറുമായി ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. എന്നാൽ, ഇതുവരെ നടപടി ഉണ്ടാവാത്തതിനാൽ പലരും ജോലി നഷ്ടപ്പെടുന്ന ഭീതിയിലാണുള്ളത്.
തീവെട്ടിക്കൊള്ളയുമായി സന്നദ്ധ സംഘടനകൾ
തൃശൂർ: വാക്സിൻ ലഭിക്കാതെ ജനം നട്ടം തിരിയുേമ്പാൾ അവസരം മുതലാക്കി തീവെട്ടി കൊള്ളയുമായി സന്നദ്ധ സംഘടനകൾ. സേവനത്തിെൻറ പേരിൽ സർക്കാർ അനുവദിച്ച സൗകര്യമാണ് കൊള്ള ലാഭത്തിനായി ഉപയോഗിക്കുന്നത്. 630 രൂപക്ക് ലഭിക്കുന്ന വാക്സിൻ 780 മുതൽ കൂടിയ വിലക്ക് വിൽപന നടത്തി തടിച്ചു കൊഴുക്കുകയാണ് ഇക്കൂട്ടർ. വാക്സിൻ ശേഖരിച്ച് ലഭിച്ച വിലയേക്കാൾ കൂടിയ വിലക്കാണ് വിതരണം ചെയ്യുന്നത്. 630 രൂപക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്ന കോവിഷീൽഡ് തോന്നിയ വിലക്കാണ് വിൽക്കുന്നത്. മാത്രമല്ല, സർവിസ് ചാർജായി ഒരാൾക്ക് 40 രൂപ മുതൽ തുക വേറെയും ഈടാക്കുന്നു.
വാക്സിനേഷൻ ക്യാമ്പ് നടത്തുന്നവർക്ക് ജില്ല ആരോഗ്യ വകുപ്പ് മുഖേന നേരിട്ട് വാക്സിൻ ലഭിക്കുകയില്ല. വാക്സിൻ ശേഖരിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകിയവരിൽനിന്ന് വാങ്ങുക മാത്രമേ നിർവാഹമുള്ളൂ. കമ്യൂണിറ്റി ആശുപത്രികൾ അടക്കം സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് വാക്സിൻ നേരിട്ട് ലഭിക്കുന്നത്. പ്രത്യേക ഊഷ്മാവിൽ വാക്സിൻ സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരം സൗകര്യമുള്ള സന്നദ്ധ സംഘങ്ങളാണ് വാക്സിനേഷൻ വൻ ലാഭ നേട്ടത്തിന് അവസരമാക്കുന്നത്.
പൊതുമേഖലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ ഉപയോഗപ്പെടുത്താമെന്നിരിക്കെയാണ് ഇത്തരക്കാർക്ക് തടിച്ചുവീർക്കാൻ അവസരം നൽകുന്നത്. ആരോഗ്യ അധികൃതരുടെ ഒത്താശയും ഇക്കൂട്ടർക്കുണ്ട്. ഈ സാഹചര്യങ്ങളിൽ സ്വകാര്യ മേഖലയിലേക്ക് വാക്സിൻ തേടി പോകുന്നവരും ഏറെയാണ്. ആദ്യ ഡോസ് വാക്സിൻ എടുക്കാത്തവരെ വിളിച്ച് വാക്സിനെടുപ്പിക്കാൻ പല സ്വകാര്യ ആശുപത്രിക്കാരും ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ്. വാക്സിൻ എടുക്കാത്തവരെ ഫോണിൽ വിളിച്ച് വാക്സിൻ എടുപ്പിക്കുന്ന സമ്പ്രദായമാണ് പലയിടത്തും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.