ചെന്ത്രാപ്പിന്നി: എടത്തിരുത്തി എട്ടാം വാർഡിൽ ചെന്ത്രാപ്പിന്നി വേതോട് അമ്പലത്തിന് പടിഞ്ഞാറ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ബുധനാഴ്ച രാവിലെ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയെ നാലിലേറെ നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു.
വേതോട്ടിൽ മോഹനന്റെ ഭാര്യ സരോജിനിയാണ് പണിക്ക് പോകുമ്പോൾ ക്ഷേത്ര പരിസരത്ത് ആക്രമണത്തിന് ഇരയായത്. നായ്ക്കൾ കുരച്ചുചാടിയതോടെ തളർന്നുവീണ സരോജിനിയുടെ കാൽമുട്ടിനു താഴെയുള്ള മാംസം നായ്ക്കൾ കടിച്ചു പറിക്കുകയായിരുന്നു. ബഹളംകേട്ട് പിന്നിലുള്ള തൊഴിലാളികൾ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്.
സരോജിനി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വാർഡിലും സമീപപ്രദേശങ്ങളിലും തെരുവുനായ് ശല്യം നിത്യസംഭവമാണ്. വാർഡ് മെംബർ ഷിനി സതീഷടക്കം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായി. സ്വകാര്യ വ്യക്തി വളർത്തുന്ന ആക്രമണകാരികളായ നായ്ക്കളും തെരുവുനായ്ക്കളും നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വളർത്തുമൃഗങ്ങളും വ്യാപക ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഗ്രാമസഭകളിലുൾപ്പെടെ പൊതുജനങ്ങൾ പലവട്ടം പരാതി പറഞ്ഞിട്ടും ഒരു നടപടിയും പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.