തൃശൂർ: കാർഷിക സർവകലാശാലയിലെ വിദ്യാർഥിയുടെ ആത്മഹത്യ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബി.എസ്സി രണ്ടാംവർഷ വിദ്യാർഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷ് (19) ആണ് മരിച്ചത്. റാഗിങ്ങിൽ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു സഹപാഠികളുടെ പരാതി.
മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. മണ്ണുത്തി സി.ഐ സേതുവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം കോളജ് ഹോസ്റ്റലിലെത്തി വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. കോളജിൽ ആദ്യവർഷ വിദ്യാർഥികളെ റാഗിങ് നടത്താറുള്ളതായി വിദ്യാർഥികൾ മൊഴി നൽകി.
ഹോസ്റ്റലിൽ താമസിക്കുന്ന ആദ്യ വർഷ വിദ്യാർഥികൾ നിരന്തരം റാഗിങ്ങിന് വിധേയമാവുന്നുണ്ട്. ഭയംമൂലമാണ് പുറത്ത് പറയാത്തത്. കുട്ടികളുടെ ഫോണുകൾ കൈവശപ്പെടുത്തി പെൺകുട്ടികളടക്കമുള്ളവർക്ക് സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കുന്നതായും വിദ്യാർഥികൾ പറഞ്ഞു. മഹേഷിെൻറ ഫോണും ഇങ്ങനെ ദുരുപയോഗം ചെയ്തതായി ആക്ഷേപമുണ്ട്. രക്ഷിതാക്കൾക്കൊപ്പമെത്തിയ പെൺകുട്ടികൾ പോലും ഹോസ്റ്റലിൽ റാഗിങ്ങിന് വിധേയമായ വിവരങ്ങളും പൊലീസിന് ലഭിച്ചു.
അതേസമയം, റാഗിങ് സംഭവങ്ങൾ ഒളിച്ചുവെക്കാൻ സർവകലാശാല അധികൃതർ നീക്കം നടത്തുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നു. മഹേഷിെൻറ മരണത്തിന് പിന്നിൽ റാഗിങ് ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ.
കാർഷിക സർവകലാശാല കോളജുകളിൽ റാഗിങ് വിരുദ്ധ സമിതി രൂപവത്കരിക്കാനുള്ള നിർദേശം ഇതുവരെ നടപ്പായിട്ടില്ല. റാഗിങ് പരാതി ഉയർന്നപ്പോൾ അധ്യാപകരായ മൂന്നുപേരെ ഉൾപ്പെടുത്തി അന്വേഷണം നടത്തി റാഗിങ് നടന്നിട്ടില്ലെന്ന് ഒറ്റ ദിവസംകൊണ്ട് റിപ്പോർട്ട് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.