വെള്ളിക്കുളങ്ങര: കോവിഡ് ഗൃഹനാഥനെ കവര്‍ന്നതോടെ ആശ്രയമറ്റ കുടുംബത്തിന് കൈത്താങ്ങുമായി സുമനസ്സുകളെത്തുന്നു. മോനൊടി കൈലാന്‍ വീട്ടില്‍ ഗണേഷ്കുമാര് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ ഭാര്യയുടെയും മക്കളുടെയും ദൈന്യത 'മാധ്യമ'ത്തിലൂടെ അറിഞ്ഞാണ് സുമനസ്സുകള്‍ ഇവരെ സഹായിക്കാൻ മുന്നോട്ടുവരുന്നത്.
മൂന്നു സെൻറ് ഭൂമിയിലെ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുള്ള വീട്ടിലാണ് ഗണേഷ്കുമാറിെൻറ ഭാര്യ മിനിയും മൂന്നുമക്കളും കഴിഞ്ഞു കൂടുന്നത്. മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡായതിനാല്‍ ഇവര്‍ക്ക് അര്‍ഹമായ റേഷന്‍ വിഹിതം ലഭിക്കാത്തതും വൈദ്യുതി കണക്ഷനില്ലാത്തതിനാല്‍ വിദ്യാർഥികളായ മക്കള്‍ പഠിക്കാന്‍ വിഷമിക്കുന്നതും ഒരാഴ്ച മുമ്പാണ് 'മാധ്യമം' റിപ്പോര്‍ട്ട് ചെയതത്. വാര്‍ത്തയെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ഇവരുടെ ജീവിതാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരുന്നു.
ചാലക്കുടി തഹസില്‍ദാറാണ് ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വൈദ്യുതിയില്ലാതെ വിഷമിക്കുന്ന കൈലാന്‍ വീട്ടിലേക്ക് വെളിച്ചമെത്തിക്കാനുള്ള ശ്രമത്തിലാണ് വെള്ളിക്കുളങ്ങര സ്വദേശി എ.എം. സുധീര്‍. പരിയാരം കെ.എസ്.ഇ.ബി ഓഫിസിലെ ഉദ്യോഗസ്ഥനായ സുധീര്‍ ആവശ്യമായ ഇലക്ട്രിക്കല്‍ സാമഗ്രികള്‍ വാങ്ങി സുഹൃത്ത് സ്റ്റാന്‍ലിയുടെ സഹായത്തോടെ ഇവരുടെ വീട്ടിലെ വയറിങ് പണികള്‍ പൂര്‍ത്തിയാക്കി.
ആവശ്യമായ അപേക്ഷകളും രേഖകളും സുധീറിെൻറ നേതൃത്വത്തില്‍ തന്നെ സെക്ഷന്‍ ഓഫിസില്‍ സമര്‍പ്പിച്ചു. രണ്ടു ദിവസത്തിനകം വെളിച്ചമെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കൈലാന്‍ കുടുംബം. ഇവരുടെ വീടിെൻറ ശോച്യാവസ്ഥ കണക്കിലെടുത്ത് പുതിയ വീട് പണിതു നല്കാന് തയാറാണെന്ന് സുമനസ്സുകള്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.