തൃശൂർ: മധ്യകേരളം ചൂടിൽ വെന്തുരുകുമ്പോൾ തൃശൂരും പാലക്കാടും തമ്മിലാണ് മത്സരം. പാലക്കാടാണ് കൂടുതലെങ്കിലും ജില്ലയുടെ പ്രതിദിന ചൂട് വല്ലാതെ കൂടുകയാണ്. കഴിഞ്ഞ 14ന് വെള്ളാനിക്കരയിൽ 43, പീച്ചിയിൽ 42.4 ഡിഗ്രി സെൽഷ്യസിൽ ചൂട് എത്തിയിരുന്നു. അന്ന് കേരളത്തിലെതന്നെ കൂടിയ ചൂടായി ഇവ രേഖപ്പെടുത്തുകയും ചെയ്തു.
അതോടൊപ്പം സ്വയം നിയന്ത്രിത താപമാപിനികളിൽ പലതിലും 40ന് മുകളിൽ ചൂട് രേഖപ്പെടുത്തുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ തീക്ഷ്ണ സ്വഭാവങ്ങളുടെ തീവ്രപ്രകടനം എല്ലാ മേഖലകളിലും ജില്ലയിൽ കാണാനാവുന്നുണ്ട്.
ഇടിയോടു കൂടിയ കനത്ത വേനൽമഴ കൊടകരയിൽ തീർത്ത നാശനഷ്ട കണക്കുകൾ കോടികളാണ്. അതിനിടെ രണ്ടാഴ്ച മുമ്പ് തേക്കിൻകാട് മൈതാനിയിലുണ്ടായ പൊടി ചുഴലിയും ഇതിനോടുകൂട്ടി വായിക്കേണ്ടതാണ്. നേരേത്ത മേഘവിസ്ഫോടനം, താപവിസ്ഫോടനം, പൊടിച്ചുഴലി, നീർചുഴലി, മത്സ്യമഴ അടക്കം സമീപ വർഷങ്ങളിൽ ജില്ലയിലുണ്ടായ പ്രതിഭാസങ്ങൾ ഏറെയാണ്.
ഇക്കുറി കാലവർഷവും തുലാവർഷവും വേനൽമഴയും കുറവായതിനാൽ വരൾച്ചയിലേക്ക് നീങ്ങുകയാണ് ജില്ല. വേനൽമഴയിൽ 82 ശതമാനത്തിന്റെ വൻ മഴക്കമ്മിയാണ് ജില്ലക്കുള്ളത്. 63ന് പകരം 11 മില്ലിമീറ്റർ മഴയാണ് ജില്ലക്ക് ഇതുവരെ ലഭിച്ചത്. മാത്രമല്ല, അമിത ചൂടിൽ പുഴകളെല്ലാം മെലിയുകയാണ്. ഭാരതപ്പുഴ നേരേത്തതന്നെ വറ്റിവരണ്ടു.
വിവിധ തടയണകളിൽ മലമ്പുഴ ഡാമിനെ ആശ്രയിച്ചാണ് ചുരുക്കം ദിനങ്ങളിൽ മേഖലകളിൽ വെള്ളം ലഭിക്കുന്നത്. കരുവന്നൂർ, മണലി, ചാലക്കുടി അടക്കം പുഴകളും നേർത്തുവരു കയാണ്. ഡാമുകളിലെ ജലശേഖരം പകുതിയിൽ താഴെയായി കുറഞ്ഞു. വാടാനപ്പള്ളിയിലും ചാവക്കാട്ടും കുടിവെള്ളത്തിനായി പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. തൃശൂർ അടക്കം നഗരത്തിനും ദാഹിക്കാൻ തുടങ്ങിയിട്ടുണ്ട്.
ജില്ലയുടെ മൂന്ന് സ്വന്തം മന്ത്രിമാർ ഇക്കാര്യങ്ങൾ പഠനവിധേയമാക്കാൻ ഒന്നും ചെയ്തിട്ടില്ല. ദുരന്ത നിവരാണ വകുപ്പും ഒന്നും ചെയ്യാതെ കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് നൽകുന്ന സമിതിയായി ചുരുങ്ങുകയാണ്. ജില്ല പഞ്ചായത്തും വികസന സമിതിയും ഇക്കാര്യങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ല. കലക്ടറും ജില്ല ഭരണകൂടവും വിവിധ വകുപ്പുകളും ഏകോപിപ്പിച്ച് മുന്നോട്ടുപോയില്ലെങ്കിൽ സങ്കീർണമാകും കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.