മതിലകം: മതിലകത്ത് നീന്തൽ പരിശീലനം നേടുന്ന വിദ്യാർഥികളുടെ എണ്ണം ആയിരത്തിലെത്തി. ജല സാക്ഷരത ലക്ഷ്യമിട്ട് 2019ലാണ് പഞ്ചായത്തിൽ നീന്തൽ പഠിപ്പിക്കൽ ആരംഭിച്ചത്. കുട്ടികൾക്ക് വെള്ളത്തിനോടുള്ള ഭയം മാറ്റുന്നതിനോടൊപ്പം വെള്ളത്തിൽ വീണുള്ള അപകടങ്ങൾ കുറക്കാനും ആരോഗ്യം സംരക്ഷിക്കാനുമായി നീന്തൽ പരിശീലിപ്പിക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് പരിധിയിലെ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നൽകുന്നത്.
2020, 2021 വർഷങ്ങളിൽ കോവിഡ് മൂലം പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല. പുതിയ ഭരണസമിതി വന്ന ശേഷം 2022ലും 2023ലും പരിശീലനം തുടര്‍ന്നു. ഓരോ വര്‍ഷവും ഒരു ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തുന്നത്. ഹരിലാല്‍ കുഴൂരിന്റെ നേതൃത്വത്തിൽ സജീവന്, ബിജുമോന്, സോണി, മുരളി, നവീന്‍, അജിന് എന്നിവരടങ്ങിയ ടീമാണ് പരിശീലനം നടത്തുന്നത്.
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പോളക്കുളത്തിലാണ് 10 ദിവസം നീളുന്ന പരിശീലനം. പങ്കെടുക്കുന്നവർക്ക് പോഷകാഹാരവും നൽകുന്നുണ്ട്. അടുത്ത വർഷം മുതൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാനും അധികൃതർ ഉദ്ദേശിക്കുന്നുണ്ട്. ഇതിനോടകം ആയിരത്തോളം കുട്ടികള്‍ നീന്തല്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.