പഴഞ്ഞി: ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടലും പൈപ്പിടലും തുടരുന്ന കാട്ടകാമ്പാലിൽ കുടിനീരിനുവേണ്ടി ജനം കേഴുകയാണ്. ഒന്നര മാസത്തിലധികമായി പഞ്ചായത്ത് പ്രദേശത്ത് മുഴുവനായി വെള്ളം കിട്ടാതെ നാട്ടുകാര്‍ വലയുകയാണ്. പാവറട്ടി ശുദ്ധജല പദ്ധതിയില്‍നിന്നും ചിറയ്ക്കല്‍ ജലസംഭരണിയിലേക്കുള്ള പൈപ്പ് മാറ്റിയിടൽ തുടങ്ങിയതോടെയാണ് പഞ്ചായത്തില്‍ ശുദ്ധജല വിതരണം മുടങ്ങിയത്.
ഏപ്രിൽ അവസാന വാരത്തിലായിരുന്നു പൈപ്പ് മാറ്റൽ ആരംഭിച്ചത്. പുതിയ പൈപ്പിടുന്നതിനിടെ പഴയ പൈപ്പിന് കേടുപാടുകളും സംഭവിച്ചിരുന്നു. ഇതു നന്നാക്കും മുമ്പേ വെള്ളം വിതരണം ചെയ്തതോടെ പൊട്ടിയ പൈപ്പിലൂടെ വെള്ളം മുഴുവന്‍ ഒഴുകിപ്പോയി. കാട്ടകാമ്പാല്‍ ഭാഗത്തേക്ക് പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ ഒന്നരമാസമായി നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായില്ല. നിലവിൽ പണികൾ നടക്കുന്നുണ്ടെങ്കിലും ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാനായില്ല.
പഞ്ചായത്ത് ലോറിയില്‍ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയാണ്. വീടുകള്‍ക്ക് മുന്നില്‍ പാത്രങ്ങളുമായി വെള്ളത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഐന്നൂര്‍ മേഖലയിലെ ഭൂരിഭാഗം വീടുകള്‍ക്ക് മുന്നിലും പാത്രങ്ങളുമായി സ്ത്രീ പുരുഷ ഭേദമന്യെ ശുദ്ധജലത്തിനായി കാത്തിരിക്കുന്ന കാഴ്ചയാണ്.
ക്ഷാമം രൂക്ഷമായ ഏപ്രിൽ -മേയ് മാസങ്ങളിൽ പൈപ്പ് മാറ്റല്‍ നടത്തിയതിനെതിരെ ജനങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ജല വകുപ്പ് ഓഫിസിൽ അന്വേഷിക്കുമ്പോള്‍ പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുകയാണെന്നാണ് മറുപടി. മഴ ശക്തമല്ലാത്തതിനാല് വീട്ടുകിണറുകളില്‍ വെള്ളം സുലഭമല്ല. കിണറില്ലാത്ത വീട്ടുകാര്‍ക്ക് ശുദ്ധജല പദ്ധതിയിലൂടെയുള്ള വെള്ളമാണ് ഏക ആശ്രയം. പഞ്ചായത്ത് പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പൈപ്പ് വെള്ളത്തിന്റെ ആവശ്യക്കാർ.
പൈപ്പ് മാറ്റാനായി റോഡ് പൊളിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ണിട്ട് മൂടാത്തതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഇതുമൂലം ഗതാഗതവും ദുഷ്കരമായി. ശുദ്ധജല വിതരണം ഉടന്‍ പുനരാരംഭിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.