തൃശൂർ: എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ സാങ്കേതിക തടസ്സങ്ങൾ നീക്കി പരമാവധി പട്ടയങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പട്ടയമിഷൻ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയ വിതരണത്തിൽ കുതിച്ചുചാട്ടം നടത്താനായത് ഇത്തരം തടസ്സങ്ങൾ നിയമപരമായി മറികടക്കാൻ സാധിച്ചതിനാലാണ്. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാനാവാത്ത വിഷയങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ആവശ്യമായ നിയമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ പട്ടയം ലഭിക്കേണ്ടവരുടെ അന്തിമ പട്ടിക അടുത്ത ജനുവരിയോടെ പൂർത്തിയാക്കും. വനഭൂമി പട്ടയം സംബന്ധിച്ച പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനുമായി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ കലക്ടറുടെ നേതൃത്വത്തിൽ സിറ്റിങ് നടത്തും. ജനപ്രതിനിധികൾ, കർഷകർ, കർഷകസംഘടന പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
വനഭൂമി പട്ടയത്തിനുള്ള കേന്ദ്ര പതിവ് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവരെ കണ്ടെത്താൻ വില്ലേജ്, പഞ്ചായത്ത് തലത്തിൽ ശ്രമം നടത്തും. സംയുക്ത പരിശോധന പൂർത്തിയാക്കിയതും കേന്ദ്ര അനുമതിക്ക് അയക്കേണ്ടതുമായ ഫയലുകളിൽ 60 ദിവസത്തിനകം സർവേ പൂർത്തിയാക്കാൻ നിർദേശം നൽകി.
തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം പ്ലാന്റേഷൻസിന്റെ മിച്ചഭൂമിയായി രേഖപ്പെടുത്തിയ 73.73 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടി വേഗത്തിൽ പൂർത്തിയാക്കുന്നതിന് നടപടിയെടുക്കാൻ തീരുമാനിച്ചു. മുകുന്ദപുരം താലൂക്കിലെ വേളൂക്കര വില്ലേജിൽപ്പെട്ട അംബേദ്കർ കോളനിയിൽ താമസിക്കുന്ന പട്ടികജാതിക്കാരല്ലാത്തവരുടെ പട്ടയം സംബന്ധിച്ച വിഷയം പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടയമിഷൻ വഴി ഭൂരഹിതരുടെ നിരവധി പ്രശ്നങ്ങൾ കണ്ടെത്താനും അവക്ക് പരിഹാരം നിർദേശിക്കാനും സാധിച്ചതായി ലാൻഡ് റവന്യൂ കമീഷണർ ടി.വി. അനുപമ പറഞ്ഞു. ഇരിങ്ങാലക്കുട പുരയാറ്റുപറമ്പിൽ ദാസൻ, പുല്ലഴി ചേറ്റുപുഴ കൊടിപറമ്പിൽ ജയൻ, വിൽവട്ടം ചേറൂർ കാങ്കപ്പറമ്പിൽ വിശ്വനാഥൻ, വരവൂർ കുമരപ്പനാൽ തൊണ്ടിവളപ്പിൽ പത്മാവതി എന്നിവർക്ക് മന്ത്രി പട്ടയം കൈമാറി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, കലക്ടർ വി.ആർ. കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ടി. മുരളി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.