തൃശൂർ: ബഡ്സ് ആക്ട് 2019ന് വിരുദ്ധമായി അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പണം തിരിച്ച് കൊടുക്കാതെ വഞ്ചിക്കുകയും ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നാല് സ്ഥാപനങ്ങളുടെ തൃശൂർ ജില്ലയിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു.
തിരുവനന്തപുരം ജില്ലയിലെ ശ്രീ അനന്തപുരി നിധി ലിമിറ്റഡ്, കണ്ടല സര്‍വിസ് കോ ഓപറേറ്റിവ് ബാങ്ക്, എമിറേറ്റ്സ് ഗോള്‍ഡ് സൂക്ക്, എറണാകുളത്തെ അന്‍വി ഫ്രഷ് പൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളാണ് താല്‍ക്കാലികമായി ജപ്തി ചെയ്യുന്നത്. ജപ്തി സ്ഥിരപ്പെടുത്താൻ നിയുക്ത കോടതി മുമ്പാകെ ഹരജി ഫയല്‍ ചെയ്യാനും കലക്ടർ ഉത്തരവിട്ടു.
പ്രതികളുടെ ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ സ്ഥാവര സ്വത്തുകളുടെ മഹസര്‍, ലൊക്കേഷന്‍ സ്കെച്ച്, തണ്ടപ്പേര് പകര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയാറാക്കും.
ജില്ല രജിസ്ട്രാര്‍ സ്ഥാവര സ്വത്തുക്കളുടെ തുടര്‍ന്നുള്ള വിൽപന നടപടി താല്‍ക്കാലികമായി മരവിപ്പിക്കാൻ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്ക് അടിയന്തര നിർദേശം നല്‍കും.
പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പൊലീസ് മേധാവിക്കും കൈമാറും.
ജില്ലയിലെ ബാങ്കുകള്‍, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതികൾ ആരംഭിച്ച എല്ലാ അക്കൗണ്ടും സ്ഥിരനിക്ഷേപവും മരവിപ്പിക്കാൻ സ്ഥാപന മേധാവികൾ ഉടൻ നടപടി സ്വീകരിക്കണം.
ബാങ്ക് മാനേജര്‍മാര്‍ക്കും അറിയിപ്പ് നല്കാന് ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ഉത്തരവ് ഫലപ്രദമായി നടപ്പാക്കാൻ തൃശൂര്‍ സിറ്റി/ റൂറല്‍ ജില്ല പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ചുമതല. ജപ്തി സ്ഥിരപ്പെടുത്താൻ നിയുക്ത കോടതി മുമ്പാകെ സമയബന്ധിതമായി ഹരജി ഫയല്‍ ചെയ്യാൻ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉടൻ കലക്ടറേറ്റില്‍ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.