മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് കാന്റീൻ ആശുപത്രി അധികൃതർ പൊളിച്ചുനീക്കി. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് പൊളിച്ചത്. കോഫി ഹൗസ് നൽകിയ കോടതിയലക്ഷ്യ ഹരജി തള്ളിയതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് ഇൻചാർജിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റിയത്.
ഭക്ഷ്യസുരക്ഷ വകുപ്പ് കോഫി ഹൗസ് പൂട്ടിച്ചതിനെതിരായ കേസ് ഈ മാസം 13ന് പരിഗണിക്കാനിരിക്കെയാണ് കോടതിയലക്ഷ്യ കേസ് തള്ളിയതിന്റെ പേരിൽ പൊളിച്ചത്. ഇന്ത്യൻ കോഫി ഹൗസിന്റെ വാടക കരാറും പഞ്ചായത്ത് ലൈസൻസ് കാലാവധിയും മൂന്ന് വർഷം മുമ്പ് അവസാനിച്ചതായും ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ച് മാറ്റിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോഫി ഹൗസ് ഒഴിയണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് നൽകിയ നോട്ടീസിനെതിരെയായിരുന്നു കോഫി ഹൗസ് കോടതിയലക്ഷ്യ ഹരജി നൽകിയത്. അടുത്തിടെ കോടതി നിർദേശപ്രകാരം അഡ്വക്കറ്റ് കമീഷനെത്തി കോഫി ഹൗസിലെ ശുചിത്വം പരിശോധിച്ചിരുന്നു.
പൊളിക്കുന്ന സമയത്ത് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം മാറ്റാൻ സമ്മതിക്കാതെയായിരുന്നു പൊളിക്കൽ. 25 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നശിച്ചതായി കോഫി ബോർഡ് സഹകരണ സംഘം പ്രസിഡന്റ് അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.