തൃശൂർ: പുതിയ ഇനം നിശാശലഭത്തെ തൃശൂർ സെന്‍റ് തോമസ് കോളജിലെ ഗവേഷകർ കണ്ടെത്തി. ഇടുക്കി മൂന്നാർ വട്ടവടയിൽനിന്നാണ് 'സൈക്കീഡേ' കുടുംബത്തിൽപെടുന്ന 'യുമാസിയ തോമസി' ശലഭത്തെ കണ്ടെത്തിയത്. സൈക്കീഡേ കുടുംബത്തിൽ സാധാരണയായി ആൺവർഗമാണ് നിശാശലഭങ്ങളായി മാറുന്നത്. പെൺവർഗം ചിറകുകളും കാലുകളും ഇല്ലാത്ത പുഴുക്കളാകും.
എന്നാൽ 'യുമസിനെ' ഉപകുടുംബത്തിൽപെടുന്ന ഈ ഇനത്തിന്‍റെ ആൺ-പെൺവർഗങ്ങൾ നിശാശലഭങ്ങളാകുന്നു എന്നതാണ് പ്രത്യേകത. ഗവേഷണം നടത്തിയ സ്ഥാപനത്തിന്‍റെ പേരായാണ് 'തോമസി' എന്ന് ചേർത്തത്. പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന പായലും പൂപ്പലും മറ്റുമാണ് വളർച്ചാഘട്ടത്തിലെ ഭക്ഷണം.
സ്വയം രക്ഷകരായി ശരീരത്തിനുചുറ്റും കൂടുകൾ അഥവാ ബാഗ് നിർമിക്കുന്നതിനാൽ ഈ കുടുംബത്തിലെ ലാർവകൾ 'ബാഗ് വേമുകൾ' അഥവാ സഞ്ചിപുഴുക്കൾ എന്ന പേരിലറിയപ്പടുന്നു.
സെൻറ് തോമസ് കോളജ് സുവോളജി വിഭാഗം ഗവേഷക വിദ്യാർഥിനി എ.യു. ഉഷ, റിസർച് ഗൈഡ് ഡോ. ജോയ്‌സ് ജോസ്, ജർമൻ ഗവേക്ഷനായ ഡോ. തോമസ് സോബിസിക്, മാള കാർമൽ കോളജ് അധ്യാപകൻ ഡോ. ടി.ജെ. റോബി എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയിൽനിന്ന് ഈ മൂന്നാമത്തെ യുമാസിയ ഇനത്തെ കണ്ടെത്തിയത്. കണ്ടെത്തലുകൾ വിശദമായി 'സൂടാക്സ' അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.