തൃശൂർ: ട്രോളിങ് നിരോധനത്തിന് പിന്നാലെ മീൻ ലഭ്യത കുറഞ്ഞതോടെ വില കുതിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യങ്ങളുടെ വരവ് കൂടിയിട്ടും തീവിലയിലാണ് വിൽപന. അയലക്ക് കിലോഗ്രാമിന് 200 രൂപയിലേറെയാണ് വില ഉയർന്നത്. ആവശ്യക്കാരേറെയുള്ള മത്തിക്കും വില കൂടി. 200-250 രൂപ വരെയാണ് വില. അയക്കൂറ അടക്കമുള്ള വലിയ മീനുകൾക്ക് ആഴ്ചകളായി ആയിരത്തിലേറെയാണ് വില. ചെമ്മീനിന് ശരാശരി 350 രൂപയായി. ട്രോളിങ് ബോട്ടുകൾ കടലിൽനിന്ന് മാറുന്നതോടെ മീനുകൾ കൂട്ടത്തോടെ തീരക്കടലിലേക്ക് വരികയും സാധാരണ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് മീൻ കിട്ടുകയും ചെയ്യാറുണ്ട്. ബോട്ടുകാരിൽനിന്ന് വലിയ മീനുകൾ കിട്ടാനില്ലാതാകുമ്പോൾ ചെറിയ മീനുകൾക്ക് ആവശ്യക്കാർ കൂടും. പക്ഷേ, ഇത്തവണ ഇതുണ്ടായില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കഴിഞ്ഞ മാസം അവസാനം മഴ പെയ്തതോടെ മത്സ്യലഭ്യത കൂടിയത് മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയായിരുന്നു. പക്ഷേ, ഇപ്പോൾ ആഴക്കടൽ മത്സ്യബന്ധനം നിരോധിച്ചതോടെ വറുതിയിലാണ് തീരം.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യങ്ങൾ പഴക്കമുള്ളതാണെന്നും ആക്ഷേപമുണ്ട്. പരമ്പരാഗത മത്സ്യബന്ധന യാനം ഉപയോഗിച്ച് ലഭിക്കുന്ന മീൻ വളരെ കുറവായതും ആവശ്യക്കാർ ഏറിയതുമാണ് വൻതോതിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മത്സ്യങ്ങളുടെ വരവിന് കാരണം.
കർണാടക, മംഗലാപുരം തീരത്തുനിന്ന് സാധാരണ എത്തുന്നതിനേക്കാൾ മൂന്നിരട്ടിയിലധികം മീനാണ് ഇപ്പോൾ കേരള മാർക്കറ്റിലെത്തുന്നത്. തമിഴ്നാട്ടിൽനിന്നുള്ള പഴയ മത്സ്യമെത്തുന്നതായും പരാതിയുണ്ട്. തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മീനുകളെത്തുന്നത്. കഴിഞ്ഞവർഷം ട്രോളിങ് നിരോധന സമയത്ത് കൊല്ലത്തുനിന്ന് 10,750 കിലോഗ്രാം ചീഞ്ഞ മീൻ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മൂന്ന് ലോറികളിലായാണ് പൂപ്പൽ ബാധിച്ച മീൻ കൊണ്ടുവന്നത്.
ട്രോളിങ് നിരോധന സാഹചര്യത്തിൽ ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ മത്സ്യങ്ങൾ എത്തുമെന്നിരിക്കെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന വ്യാപകവും ഫലപ്രദവുമാകുന്നില്ലെന്ന് പരാതിയുണ്ട്. മതിയായ ജീവനക്കാരും പരിശോധന സംവിധാനങ്ങളില്ലാത്തതാണ് കാരണം. ഭക്ഷ്യവിഷബാധയും മറ്റും റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് പരിശോധന കടുപ്പിക്കുന്നത്.
കഴിഞ്ഞമാസം വരെ തുടർന്ന കനത്ത ചൂട് മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാക്കിയിരുന്നു. അതുകൊണ്ട് വേനലിലും വില ഉയർന്നു.
കടുത്ത വേനലിൽ ശീതീകരണ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാത്തതിനാൽ ചീഞ്ഞളിഞ്ഞ മീൻ വ്യാപകമായിരുന്നു. മൂന്ന് വർഷം മുമ്പ് ഓപറേഷൻ സാഗർ റാണിയിലൂടെ ചീഞ്ഞ മീൻ വിൽക്കുന്നത് കാര്യക്ഷമമായി തടയാനും കഴിഞ്ഞു. എന്നാൽ, പിന്നീട് പരിശോധന പേരിന് മാത്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.