മുളങ്കുന്നത്തുകാവ്: അത്താണിയിൽ റെയിൽവേ പാളത്തിനരികിൽ അസ്ഥികൂടം കണ്ടെത്തി. മിണാലൂർ അടിപ്പാതക്ക് മുകളിലെ റെയിൽവേ ട്രാക്കിനടുത്താണ് സംഭവം. രണ്ടു മാസത്തോളം പഴക്കമുണ്ട്. അസ്ഥികൾ പലതും വേർപെട്ട നിലയിലാണ്. റെയിൽവേ ട്രാക്ക് പരിശോധിക്കാൻ എത്തിയ കീമാനാണ് പൊന്തക്കാടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്.
വസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ പുരുഷന്റേതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരെത്തി അസ്ഥികൂടം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മേഖലയിൽ മാലിന്യം തള്ളൽ രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചകൾക്ക് മുമ്പ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിച്ചിരുന്നതായും മാലിന്യങ്ങളിൽ നിന്നാകാമെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറഞ്ഞു. അസ്ഥികൂടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനിന്റെ വാതിൽ പടിയിലോ മറ്റോ നിന്ന് അബദ്ധത്തിൽ താഴെ വീണതാകുമോ എന്നതുൾപ്പെടെയുള്ള സംശയങ്ങളും നാട്ടുകാർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.