തൃശൂർ: കണ്ണൂരിൽ കുഞ്ഞുനിഹാലിനെ തെരുവ്നായ്ക്കൂട്ടം കടിച്ചുകൊലപ്പെടുത്തിയത് ഹൃദയമുള്ളവരുടെയെല്ലാം നെഞ്ച് നീറിപ്പുകക്കുകയാണ്. പക്ഷേ, അധികാരികൾക്ക് ഇപ്പോഴും പതിവ് പ്രഖ്യാപനമാകുമെന്നുറപ്പ്. ഒരു വർഷം മുമ്പ് തെരുവ്നായ്ക്കളുടെ വിളയാട്ടം രൂക്ഷമായിരിക്കെ തദ്ദേശമന്ത്രി ഓടിനടന്ന് യോഗം വിളിച്ചുകൂട്ടി, കുടുംബശ്രീക്കാർക്ക് തെരുവ്നായകളെ പിടിക്കാൻ പരിശീലനം നൽകി. തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉത്തരവായി തന്നെ നൽകി. പക്ഷേ, മാധ്യമങ്ങൾ വിഷയം മാറ്റിയതോടെ പ്രഖ്യാപനങ്ങൾ വഴിയിൽ കിടന്നു. ജില്ല പഞ്ചായത്തിൽ മൂന്ന് വന്ധ്യംകരണകേന്ദ്രങ്ങളായിരുന്നു തീരുമാനിച്ചത്. പക്ഷേ, ഇതുവരെയും ഒന്ന് പോലും പ്രവർത്തിപ്പിക്കാനായില്ലെന്നതാണ് ശ്രദ്ധേയം.
കോർപറേഷൻ വർഷങ്ങൾക്ക് മുമ്പേ എ.ബി.സി പദ്ധതി തുടങ്ങിയിരുന്നതിനാൽ പറവട്ടാനിയിലെ കേന്ദ്രം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പരിശീലനം നേടിയവർ ഇവിടെയുണ്ടെങ്കിലും തെരുവ്നായ്ക്കളെ കിട്ടാത്തതാണ് പ്രതിസന്ധിയെന്നാണ് ഇവരുടെ പരാതി. കോർപറേഷൻ രണ്ടു വർഷത്തിനിടെ പിടികൂടി വന്ധ്യംകരണം നടത്തിയത് ആയിരത്തിലധികമാണെന്നാണ് കണക്കുകൾ. നഗരപരിധിയിൽ തെരുവ് നായ് ആക്രമണം കുറവാണെങ്കിലും ഭീതി വിതച്ചുള്ള ഇവരുടെ വിഹാരത്തിന് കുറവില്ല. ഇപ്പോഴും ജില്ലയുടെ വിവിധ മേഖലകളിൽ തെരുവ്നായ് ആക്രമണ വാർത്ത ഇല്ലാത്ത ദിവസങ്ങളില്ലെങ്കിലും അധികൃതർക്ക് കുലുക്കമില്ല. മാസങ്ങൾക്ക് മുമ്പാണ് കൊടുങ്ങല്ലൂരിൽ നാല് കുട്ടികളടക്കം ആറ് പേർക്ക് കടിയേറ്റത്. കിള്ളിമംഗലത്ത് തെരുവുനായ് ആക്രമണത്തിൽ മാനിനും പരിക്കേറ്റു. മാള കുണ്ടൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകളും ചത്തിരുന്നു. പാവറട്ടിയിലും കുന്നംകുളത്തും ചെറുതുരുത്തിയിലും പുന്നയൂർക്കുളത്തുമെല്ലാം തെരുവ്നായ്ക്കളുടെ ആക്രമണ ഇരകളുണ്ട്. ശക്തനിലും വടക്കേ സ്റ്റാൻഡിലും നായ്ക്കളെ പേടിച്ചാണ് യാത്രക്കാർ കഴിയുന്നത്. ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടക്കാർക്കുമാണ് ഏറെ ഭീഷണി. ആയിരത്തോളം നായ്ക്കളെ വന്ധ്യംകരിച്ചെങ്കിലും തെരുവുനായ്ശല്യം വീണ്ടും തലപൊക്കുകയാണ്. മുൻവർഷങ്ങളേക്കാൾ കുറഞ്ഞുവെങ്കിലും മാലിന്യങ്ങൾ തേടി ദൂരെയുളള സ്ഥലങ്ങളിൽ നിന്നാണ് നായ്ക്കൾ നഗരത്തിൽ എത്തുന്നത്.
പറവട്ടാനിയിൽ അരക്കോടി മുടക്കി ഉദ്ഘാടനം ചെയ്ത തെരുവുനായ് വന്ധ്യംകരണകേന്ദ്രത്തിലാണ് തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുവന്ന് സൂക്ഷിക്കാറുള്ളത്. രണ്ട് വെറ്ററിനറി സർജൻമാർ, വെറ്ററിനറി യൂനിവേഴ്സിറ്റി ക്ലിനിക്കൽ ഡിപ്പാർട്ട്മെന്റിലെ സർജൻമാർ, കോർപ്പറേഷൻ പരിധിയിലെ നാല് മൃഗാശുപത്രിയിലെ ഡോക്ടർമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാൻ ചെവിയിൽ വി എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിൽ അടയാളമിട്ടാണ് വിട്ടയക്കുക. തെരുവ്നായ്ക്കൾ വേണ്ടുവോളമുണ്ടെങ്കിലും പിടിക്കാനാളില്ലാത്തതും, തദ്ദേശ സ്ഥാപന അധികൃതർ വേണ്ടത്ര ഗൗരവം നൽകാത്തതുമാണ് തെരുവ്നായ്ക്കളുടെ നിയന്ത്രണം നടക്കാത്തതെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.