തൃശൂർ: കലാകായിക വിഷയങ്ങൾ പഠിപ്പിക്കാൻ നിശ്ചയിച്ച പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ‘കർശനമായി പാലിച്ചാൽ’ ജില്ലയിൽ ഭൂരിഭാഗം സ്കൂളുകളിലെ വിദ്യാർഥികളും മൈതാനത്ത് മാനം നോക്കി നിൽക്കേണ്ടി വരും. ജില്ലയിൽ വൊക്കേഷനൽ സ്കൂളുകൾ ഉൾപ്പെടെ 1135 വിദ്യാലയങ്ങൾക്ക് ആകെയുള്ളത് 150ൽ താഴെ കായിക അധ്യാപകർ മാത്രം.
ഇതിൽ 80 ശതമാനവും എയ്ഡഡ് മേഖലയിലാണ്. തൃശൂർ റവന്യൂ ജില്ലയിലെ 12 ഉപജില്ലകളിലെ സർക്കാർ സ്കൂളുകളിൽ വിരലിലെണ്ണാവുന്ന അധ്യാപകർ മാത്രമാണുള്ളത്. മാള ഉപജില്ലയിലെ ഗവ. സ്കൂളുകളിൽ ആകെയുള്ളത് ഒരു കായികാധ്യാപികയാണ്. സ്റ്റാഫ് ഫിക്സേഷൻ വരുന്നതോടെ ഈ തസ്തികയും ഒഴിയും. തൃശൂർ ഈസ്റ്റിൽ ആകെയുള്ളത് മൂന്ന് സ്കൂളുകളിൽ മാത്രം.
ദേശീയ മത്സരങ്ങൾ കളിക്കുന്ന നിരവധി കുട്ടികളുള്ള മുല്ലശ്ശേരി ഉപജില്ലയിൽ ആരുമില്ല. ഇവിടെ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ളത് മൂന്ന് കായികാധ്യാപകർ. യു.പിയിലും ഹൈസ്കൂളിലും മാത്രമാണ് കുറച്ചെങ്കിലും കായിക അധ്യാപകരുള്ളത്. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത് അണ്ടർ 14, 17, 19 കാറ്റഗറികളിലുള്ളവരാണ്.
ഇതിൽ മികച്ച പരിശീലനം ആവശ്യം വേണ്ടതും സ്പോർട്സ് കരിയറാക്കാൻ ലക്ഷ്യമിട്ട് 50 ശതമാനം കുട്ടികളെത്തുന്നതുമായ സീനിയർ വിഭാഗത്തിൽ (ഹയർ സെക്കൻഡറി) അധ്യാപക തസ്തിക തന്നെയില്ലാത്ത സ്ഥിതിയാണ്.
ഹൈസ്കൂളിലെ അധ്യാപകരുടെ കാരുണ്യത്തിലാണ് ഹയർ സെക്കൻഡറിയുള്ള സ്കൂളിലെ കായിക പഠനം പലയിടത്തും നടക്കുന്നത്. ഇതിന് കായികാധ്യാപകർക്ക് കൊടുക്കുന്നത് തുച്ഛമായ വേതനമാണ്. അപ്രതീക്ഷിത അവധി ദിനങ്ങളിൽ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ എടുത്തുതീർക്കാനുള്ള സമയമായി മറ്റു അധ്യാപകർ പി.ടി പിരീഡിനെ ഉപയോഗപ്പെടുത്തുകയാണ്.
അതേസമയം, അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ കായിക പാഠ്യപദ്ധതിയും ഇതിനായി പുസ്തകവും പരീക്ഷയും ഉണ്ട്. ഇത് പഠിപ്പിക്കാനോ ആക്റ്റിവിറ്റികൾ ചെയ്യിക്കാനോ അധ്യാപകരില്ല.
അധ്യാപക-വിദ്യാർഥി അനുപാതം പരിഷ്കരണവും അധ്യാപക യോഗ്യത പരിഷ്കരണവും വന്നിട്ടും പതിറ്റാണ്ടുകളായി. ഇതിനായി കായികാധ്യാപകർ പല പ്രതിഷേധങ്ങൾ ഉയർത്തിയിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഒന്നാം ക്ലാസിലും രണ്ടിലും ആഴ്ചയിൽ രണ്ടും മൂന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ മൂന്നും ഒമ്പതിലും പത്തിലും ഒന്ന് വീതവും ഹയർ സെക്കൻഡറിയിൽ രണ്ടുവീതവുമാണ് പി.ടി പിരീഡ് ഉള്ളത്.
2009ലെ സമ്പൂർണ കായിക ക്ഷമത പദ്ധതി (ടി.പി.എഫ്.പി) പ്രകാരം വിദ്യാർഥികളെ ഉയരത്തിന്റെയും ഭാരത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാലയത്തിൽ ആറ് പരിശോധനകൾ നടത്തിയപ്പോൾ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു. സംസ്ഥാനത്തെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ 86 ശതമാനം പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് പഠനത്തിൽ വ്യക്തമായിരുന്നു. ക്ഷമതയുള്ള 14 ശതമാനം പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിന് മാത്രമേ കായിക താരങ്ങൾക്കുവേണ്ട ആരോഗ്യനിലയുള്ളൂ.
പെണ്‍കുട്ടികളുടെ കണക്ക് മാത്രം നോക്കുമ്പോള്‍ കായികക്ഷമതയുള്ളവരുടെ ശതമാനം 12ല്‍ താഴെ മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഓരോ പ്രായക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാളും ഭാരം കുറഞ്ഞവരാണ് നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും. മൂന്നുശതമാനം പേര് അമിത ഭാരമുള്ളവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.