തൃശൂർ: പൂത്തോളിലെ കൺസ്യൂമർ ഫെഡ് മദ്യവിൽപന ശാലയിൽ സെക്യൂരിറ്റി ഗാർഡിനെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം കവരാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ.
പാലക്കാട് വട്ടമണ്ണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടിൽ അബ്ദുൽ നിയാസ് (41), കോഴിക്കോട് മാങ്കാവ് കളത്തിൽ വീട്ടിൽ നിസാർ (37), പൊന്നാനി പാലപ്പെട്ടി ആലിയമിന്റകത്ത് വീട്ടിൽ റഫീക്ക് (40), കോഴിക്കോട് മീഞ്ചന്ത ജഫസീന മൻസിൽ വീട്ടിൽ ജിഫ്സൽ ( 41) എന്നിവരെയാണ് ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യവിൽപന ശാലയുടെ പ്രവർത്തനസമയം കഴിഞ്ഞശേഷം എത്തിയ പ്രതികൾ, പകുതി താഴ്ത്തിവെച്ചിരുന്ന ഷട്ടർ ഉയർത്തി അകത്തേക്ക് പ്രവേശിച്ച് ജീവനക്കാരോട് വിലകൂടിയ മദ്യം ആവശ്യപ്പെട്ടു. പ്രവർത്തനസമയം കഴിഞ്ഞതിനാൽ മദ്യം നൽകാൻ നിർവാഹമില്ലെന്ന് പറഞ്ഞപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
മദ്യം ലഭിക്കാതെ ക്ഷുഭിതരായ പ്രതികൾ കാറിൽ രക്ഷപ്പെട്ടു. സംഭവശേഷം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഫോൺ കോൾ സന്ദേശത്തെത്തുടർന്ന് തൃശൂർ നഗരത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളെ തൃശൂരിലെ ബാറിൽനിന്ന് പിടികൂടുകയായിരുന്നു.
പ്രതികൾ സഞ്ചരിച്ച കാറും ഭീഷണിപ്പെടുത്താനുപയോഗിച്ച എയർ റൈഫിളും പിടിച്ചെടുത്തു. ഒന്നാം പ്രതി അബ്ദുൽ നിയാസ് ഗുണ്ടൽപേട്ടിലെ കൃഷി ഫാമിൽ വന്യമൃഗങ്ങളെ തുരത്താൻ ഉപയോഗിക്കുന്നതാണ് എയർ പിസ്റ്റൾ എന്നാണ് മൊഴി നൽകിയിട്ടുള്ളത്. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.